ദോഹ: ഹമാസ് ഉന്നര്‍ക്ക് അഭയം നല്കിയിരിക്കുന്നതായി ആരോപിച്ച് ഇസ്രായേല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ അഞ്ചു നേതാക്കളും ഒരു ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതോടെ, ഗാസയില്‍ ബന്ദികളായ ഇസ്രായേല്‍ പൗരന്മാര്ക്കുള്ള അവസാനപ്രതീക്ഷയും ഇസ്രായേല്‍തന്നെ കൊട്ടിയടച്ചതായി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദി ബിന്‍ അബ്ദുറഹ്മാന് അല്‍ താനി. വ്യാഴാഴ്ച യു.എന്‍. സുരക്ഷാകൗണ്‍സില്‍ മുന്‍പാകെ ഗാസാ പ്രശ്നം ചര്‍ച്ചചെയ്യുന്നതിനു മുന്‍പായാണ് മാധ്യമങ്ങളോട് അല്‍ താനി സംസാരിച്ചത്.
ഖത്തര്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ അറബ് രാജ്യങ്ങള്‍ക്ക് മൊത്തത്തിലുള്ള ആക്രമണത്തിനുശേഷം ഇസ്രായേലിനോടുള്ള പുകയുന്ന ദേഷ്യത്തിന്റെ സൂചനയാണ് തരുന്നത്. താന്‍ അല്പസമയം മുന്‍പ് ബന്ദികളുടെ കുടുംബങ്ങളുമായി സംസാരിക്കുകയായിരുന്നെന്നു പറഞ്ഞ അല്‍ താനി, അവരുടെ ഏക പ്രതീക്ഷയായിരുന്ന വെടിനിര്‍ത്തലാണ് നെതന്യാഹുവിന്റെ ആക്രമണത്തോടെ ഇല്ലാതായതെന്നും ആരോപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടുത്തയാഴ്ച തങ്ങളൊരു അറബ് ഇസ്ലാമികസമിതി മീറ്റിങ്ങ് വിളിച്ചുകൂട്ടുന്നതായും ഖത്തര്‍ പ്രധാനമന്ത്രി അറിയിച്ചു.
അതേ സമയം, യു.എന്‍. രക്ഷാകൗണ്‍സില്‍ ഇസ്രായേലിനെ പേരെടുത്തുപറയാതെ ഖത്തര്‍ ആക്രമണത്തില്‍ തങ്ങളുടെ ‘ആഴമേറിയ അനുതാപം’ അറിയിക്കുകയും സാഹചര്യങ്ങള്‍ സമാധാനപരമാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് ആഹ്വാനംചെയ്യുകയും ചെയ്തു. യുഎന്‍ രക്ഷാ കൗണ്‍സില്‍ ഖത്തറിന് എല്ലാ സഹകരണവും വാഗ്ദാനംചെയ്യുകയും മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെന്ന നിലയില്‍ ഖത്തറിന്റെ നിലപാടിനെ പ്രശംസിക്കുകയും ചെയ്തു. എ്ന്നാല്‍ അമേരിക്ക ഇസ്രയേല്‍ നടത്തിയ സൈനിക നീക്കത്തോടെ വെട്ടിലായിരിക്കുകയാണ്. അമേരിക്കയുടെ ഒരു സഖ്യകക്ഷിയെയാണ് ഇസ്രയേല്‍ ആക്രമിച്ചിരിക്കുന്നത്. ലോകത്തെവിടെയുമുള്ള അമേരിക്കന്‍ സഖ്യകക്ഷികളെ അസ്വസ്ഥരാക്കാന്‍ ഈ ആക്രമണത്തിലൂടെ കഴിയുമെന്ന് അമേരിക്കയ്ക്കറിയാം. എന്നാല്‍ ഇസ്രയേലിനെതിരേ കാര്യമായൊന്നും ചെയ്യാനാവുകയുമില്ല.
യു.എ.ഇ. നടത്താനിരിക്കുന്ന എയര്‍ ഷോയിലേയ്ക്കു നേരത്തെ ഇസ്രയേലിനെയും ക്ഷണിച്ചിരുന്നതാണ്. എന്നാല്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഈ ക്ഷണം അവര്‍ പിന്‍വലിച്ചു. അതേപ്പറ്റിയുള്ള അറിയിപ്പു തങ്ങള്‍ക്കു ലഭിച്ചതായി ഇസ്രയേല്‍ പറഞ്ഞപ്പോള്‍, പരിപാടിയുടെ നടത്തിപ്പുകാരുടെ ഭാഗത്തുനിന്നും കൂടുതല്‍ പ്രതികരണമൊന്നുമുണ്ടായതുമില്ല. ഖത്തറിനൊപ്പം ഗള്‍ഫ് മേഖലയിലെ സമാധാനത്തിനായി ഏറ്റവുമധികം പ്രവര്‍ത്തിച്ചിരുന്ന യു.എ.ഇ.യുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി ഒരു ഗൗരവമേറിയ നയതന്ത്രനിലപാടായാണ് കരുതപ്പെടുന്നത്.
അതേസമയം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ പോര്‍വിളി തുടര്‍ന്നുകൊണ്ട് പറഞ്ഞതിങ്ങനെ, ‘തീവ്രവാദികളെ സംരക്ഷിക്കുന്നത് ഖത്തറായാലും മറ്റാരായാലും അവരെ എത്രയും പെട്ടെന്ന് പുറത്താക്കുകയോ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയോ ചെയ്യുക, അതു നിങ്ങള്‍ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ ചെയ്തിരിക്കും’.
ഹമാസിന്റെ ബന്ദികളെ തിരിച്ചു കിട്ടുമെന്ന് ഇനി ഇസ്രയേല്‍ മോഹിക്കേണ്ടെന്ന് ഖത്തര്‍
