പുതിയ ലോകത്തിന് നവഭാവം പകർന്ന് മലയാളീപത്രം

കഴിഞ്ഞ 15 വർഷം പ്രവാസികളായ ഓസ്ട്രേലിയൻ മലയാളിയുടെ വാ‍ർത്താദിവസങ്ങളെ അടയാളപ്പെടുത്തിയ മലയാളീപത്രം പുത്തൻ രൂപത്തിലും ഭാവത്തിലും വായനക്കാരിലേക്ക് എത്തുന്നു. ലോകക്രമത്തെ പിടിച്ചുലച്ച കൊവിഡ് കാലം മലയാളീപത്രത്തേയും ബാധിച്ചിരുന്നല്ലോ… ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പ്രതിസന്ധികളിൽ നിന്ന് കര കയറി പ്രവാസി മലയാളിയുടെ നാലാമിടമായി മലയാളീപത്രം ഇതാ എത്തിക്കഴിഞ്ഞിരിക്കുന്നു. പുതിയ മാനേജ്മെന്റിന്റെ നിതാന്ത പരിശ്രമത്തിനൊടുവിലാണ് പുതിയ രൂപത്തിലും ഭാവത്തിലും ശക്തവും ഗംഭീരവുമായ തിരിച്ചുവരവിന് മലയാളീപത്രം വേദിയായത്

വാർത്തയുടെ അവതരണത്തിലും വിശ്വാസ്യതയിലും പുതമയിലുമെന്ന പോലെ വായനക്കാരുടെ നാനാവിധമായ വികാസത്തിനും ആസ്വാദനത്തിനും സഹായിക്കുന്ന പംക്തികൾ കൂടി ഉൾപ്പെടുത്തിയാണ് വായനക്കാരനിലേക്ക് ഇനിമുതൽ മലയാളീപത്രമെത്തുക.

ഒന്നരമാസം മുമ്പ് കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ മലയാളീപത്രത്തിന്റെ അച്ചടി രൂപം തിരുവനന്തപുരത്ത് കേരള നിയമ സഭാ മന്ദിരത്തിൽ പ്രകാശനം ചെയ്തിരുന്നു. ഇപ്പോഴിതാ മയ്യഴിയുടെ കഥാകാരനും മലയാളിയുടെ സ്വകാര്യ അഹങ്കാരവുമായ എം.മുകുന്ദൻ മലയാളീപത്രത്തെ ഡിജിറ്റൽ ലോകത്തേക്ക് അതിന്റെ പുതിയ ഭാവത്തിൽ ഹരിശ്രീ കുറിച്ചിരിക്കുന്നു.

മലയാളീപത്രമെന്നത് വാർത്തകൾക്കായുളള കേവലമൊരു പോർട്ടലല്ല. പകരം, ലോകമെമ്പാടുമുളള മലയാളി സമൂഹത്തെ ബന്ധിപ്പിക്കുന്ന ഇടമാണ്.. ലോകത്തിന്റെ വിവിധ കോണുകളിൽ ജീവിക്കുന്ന മലയാളികൾക്ക് സ്വന്തം നാടിന്റെ ഹൃദയമിടിപ്പ് അറിയുവാനും ആസ്വദിക്കുവാനുമുള്ള കേന്ദ്രമായിരിക്കുമത്. സംസ്‌കാരത്തേയും പാരമ്പര്യത്തേയും മുറുകെപിടിക്കുവാനുമുള്ള മാധ്യമസുഹൃത്ത്.

മലയാളീപത്രമെന്നത് അറിവിനും ആശയങ്ങൾക്കപ്പുറം ഒരു വികാരമായി മാറുന്ന കാലം വിദൂരമല്ല. വാർത്ത പോർട്ടലെന്ന നിലയിൽ കൃത്യതയുള്ള വാർത്തകൾ വളരെ വേഗം നൽകുകയെന്നത് ഞങ്ങളുടെ അടിസ്ഥാനകടമയാണ്. നേര് നേർവഴിയിൽ, നേരത്തെ നിങ്ങളിലേക്കെത്തിക്കാൻ ഞങ്ങൾ അക്ഷീണം പരിശ്രമിക്കും. ആധുനികയുഗത്തിൽ പല മാധ്യമപ്രസ്ഥാനങ്ങൾക്കും നഷ്ടപ്പെട്ടുപോകുന്ന വിവേകവും നൈതികതയും മുറുകെപിടിച്ചുള്ള വായന ഉറപ്പിക്കാം. ജാതി മത രാഷ്ട്രീയ വേ‍‍ർതിരിവില്ലാതെ സ്വതന്ത്രമായ വായനയാണ് മലയാളീപത്രത്തെ മറ്റ് മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

വാർത്തകൾ ലഭ്യമാക്കുക എന്നതിനപ്പുറം പ്രവാസി മലയാളികൾക്ക് തങ്ങളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും തുണനിൽക്കുന്നൊരു കൂട്ടായ്മയായിട്ടാണ് മലയാളീപത്രത്തെ ഞങ്ങൾ വിഭാവനം ചെയ്യുന്നത്. വാർത്തകൾക്കപ്പുറം ജീവിതഗന്ധിയായ അറിവുകളുടെ പൂർണ്ണതയാണ് ലക്ഷ്യം .ലോകത്തെവിടെയിരുന്നും കിറുകൃത്യമായ വിവരണങ്ങൾ ഉറപ്പേകുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വായനക്കാരേവർക്കും അവരുടെ പ്രശ്‌നങ്ങൾ, നേട്ടങ്ങൾ എല്ലാം അവതരിപ്പിക്കാനും അറിയിക്കാനും; സർഗാത്മകത ആവിഷ്‌കരിക്കാനും മലയാളീപത്രത്തിൽ ഇടമുണ്ട്.

സ്ത്രീകൾക്ക് അവരുടെ ആശയങ്ങൾ പങ്കുവയ്ക്കാനും പരസ്പരം പ്രചോദനമാകുവാനും ഒരു വേദികൂടിയാണ് മലയാളീപത്രം .. അക്ഷരങ്ങളെ നെഞ്ചോടു ചേർക്കുന്നവർക്കും ആശയങ്ങളെ ആവേശമാക്കി മാറ്റുന്നവർക്കും, യാത്രകളിഷ്ടപ്പെടുന്നവ‍ർക്കും പ്രത്യേകമിടമുണ്ടിവിടെ. മലയാളീപത്രത്തിലൂടെ നിങ്ങൾ സഞ്ചരിച്ച വഴികളും കണ്ട കാഴ്ചകളും മറ്റുളളവരുമായി പങ്കുവയ്ക്കാനാവും.

മാറുന്ന ലോകത്തിന്റെ അതേ വേ​ഗത്തിൽ മലയാളീപത്രവും വായനക്കാരനോട് കൂട്ടുകൂടുകയാണ്. അതിനുവേണ്ടിയുള്ള സമഗ്ര വാർത്താ ചാനലുകൾ ഞങ്ങളൊരുക്കുന്നു. വിനോദപരിപാടികൾ, സിനിമകൾ, സാംസ്കരിക വേദികൾ മാട്രിമോണിയൽ ഇവയൊക്കെ ഒരൊറ്റ ക്ലിക്കിൽ വായനക്കാർക്ക് ലഭ്യമാകാൻ മലയാളീപത്രം ഇനിയുളള നാളുകളിൽ നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ്.

കേവലമൊരു വാ‍ർത്താ പോർട്ടൽ മാത്രമല്ല മലയാളീ പത്രം, അത് അറിവിന്റയും വികസനത്തിന്റെയും ഉറവിടമാണ്.

മലയാളീപത്രമെന്നത് ഞങ്ങളുടെ മാത്രം സ്വപ്‌നമല്ല, ഇത് ലോകമെമ്പാടുമുളള മലയാളികളുടെ സ്വന്തം സ്വപ്‌നസാക്ഷാത്കാരമാണ്. നിങ്ങളുടെ പങ്കാളിത്തമാണ് ഈ സംരഭത്തിന്റെ വിജയം.നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുക.

ഭൂഗോളത്തിന്റെ ഓരോ കോണിൽ നിന്നും നമുക്കൊന്നിച്ചുചേരാം. നമ്മുടെ സ്വപ്‌നങ്ങളെ പിന്തുടരാം. ലക്ഷ്യങ്ങളിലേക്ക് നമ്മുക്കൊന്നിച്ചുണരാം, തുടരാം ശുഭയാത്ര…

ചീഫ് എഡിറ്റർ.
ബാബു ഫിലിപ്പ് അഞ്ചനാട്ട്