കൊച്ചി: കോള്‍ഡ്രിഫ് എന്ന കഫ്‌സിറപ്പിന് ഇരയായി രണ്ടു ഡസനോളം കുട്ടികള്‍ മരിച്ചതോടെ ചുമമരുന്നുകളുടെ ഉപയോഗം ഏറെ ചര്‍ച്ചായായി വരുന്നു. മുതിര്‍ന്ന വ്യക്തികള്‍ പോലും സ്ഥിരമായി കഫ്‌സിറപ്പുകള്‍ ഉപയോഗിക്കുന്നത് നല്ലതല്ലെന്ന പക്ഷമാണ് ഡോക്ടര്‍മാര്‍ക്ക്. അക്കാദമി ഓഫ് പള്‍മനറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിദഗ്ധര്‍ക്ക്. ചുമ മരുന്നുകള്‍ ചുമയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ താല്‍ക്കാലികമായി ഉപയോഗിക്കുന്ന മരുന്നുകള്‍ മാത്രമാണെന്നിവര്‍ പറയുന്നു. ചുമ എന്ന രോഗാവസ്ഥയ്‌ക്കോ അതിന്റെ കാരണങ്ങള്‍ക്കോ പരിഹാരമാകാന്‍ ഇവയ്ക്കു കഴിയില്ല. കുറച്ചു ദിവസങ്ങള്‍കൊണ്ടു ചുമ സ്വയമേ മാറുകയും ലക്ഷണങ്ങള്‍ക്ക് കഫ്‌സിറപ്പുകള്‍ കൊണ്ട് ആശ്വാസം കിട്ടുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഒരു ചുമമരുന്നും കഴിച്ചില്ലെങ്കിലും ആവി ശ്വസിച്ച് വിശ്രമിച്ചാല്‍ സാധാരണ ചുമകള്‍ മാറും. മറ്റേതെങ്കിലും രോഗത്തിന്റെ ഭാഗമായി ചുമയാണെങ്കില്‍ ഒരു ചുമ മരുന്നുകൊണ്ടും മാറുകയുമില്ലെന്ന് ഇവര്‍ പറയുന്നു. ചില ചുമകള്‍ അലര്‍ജി മൂലമുള്ളതായിരിക്കും. ചുമ മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഹിസ്റ്റമിനുകളാണ് അലര്‍ജി ശമിപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ അലര്‍ജിക്കാണ് ചികിത്സ വേണ്ടതെന്നും അക്കാദമിയിലെ വിദഗ്ധര്‍ പറയുന്നു.
കോള്‍ഡ്രിഫ് എന്നല്ല ഒരു ചുമമരുന്നും ആര്‍ക്കും നല്ലതല്ല, മുതിര്‍ന്നവര്‍ക്കുപോലും

