പ്രോട്ടീന്‍ ബാര്‍ കഴിക്കുന്നത് നല്ലതാണോ?


ദിവസം ഒന്നില്‍ കൂടുതല്‍ പ്രോട്ടീന്‍ ബാര്‍ കഴിക്കുന്നത് നല്ലതാണോ? അവയില്‍ അടങ്ങിയിട്ടുള്ളത്?

ശരീരസംരക്ഷണ രംഗത്ത് അടുത്തകാലത്തായി പ്രചാരം കിട്ടിയ വാക്കാണ് പ്രോട്ടീന്‍ ബാര്‍. ഫിറ്റ്‌നസ് ട്രെയിനര്‍മാരും സെലിബ്രിറ്റികളുമൊക്കെ പ്രോട്ടീന്‍ ബാറുകള്‍ക്ക് വലിയ പ്രചാരം നല്‍കുന്നുണ്ട്. പലരും പ്രഭാത ഭക്ഷണമായും ഉച്ചഭക്ഷണമായൂം ഒക്കെ പ്രോട്ടീന്‍ ബാറുകള്‍ കഴിക്കാറുണ്ട്. ഇന്നത്തെ തിരക്കു പിടിച്ച ലോകത്ത് പെട്ടെന്ന് കഴിക്കാനും സൗകര്യപ്രദമായി കൊണ്ട് നടക്കാനും കഴിയും എന്നതാണ് പ്രോട്ടീന്‍ ബാറുകള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാകുന്നത്.

ശരീരത്തിന്റെ ഊര്‍ജം നഷ്ടപ്പെടാതിരിക്കാന്‍ ഇത്തരം പ്രോട്ടീന്‍ ബാറുകള്‍ സഹായിക്കും. എന്നാല്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണ ക്രമത്തിന് തുല്യമാണോ പ്രോട്ടീന്‍ ബാറുകള്‍ എന്ന സംശയം പലര്‍ക്കും ഉണ്ട്. എല്ലാ ദിവസവും പ്രോട്ടീന്‍ ബാറുകള്‍ പതിവാക്കുന്നത് നല്ലതാണോ എന്ന സംശയങ്ങള്‍ ആരോഗ്യ രംഗത്ത് ഉയരുന്നുണ്ട്. ദിവസവും ഇത് കഴിക്കുന്നത് കൊണ്ട് ഗുണവും ദോഷവും ഉണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു

പ്രോട്ടീന്റെ കുറവ് ക്ഷീണം, വളര്‍ച്ചക്കുറവ്, പേശികളുടെ ബലമില്ലായ്മ, വിളര്‍ച്ച എന്നീ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൊക്കെ കാരണമാകാം. പ്രോട്ടീന്‍ സമ്പുഷ്ടമായതിനാല്‍ ഇത്തരം ബാറുകള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിപണിയില്‍ ഇന്ന് പല പേരുകളില്‍ പ്രോട്ടീന്‍ ബാറുകള്‍ ലഭ്യമാണ്. ചിലതില്‍ ശരീരത്തിന് ആവശ്യമായ ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന്റെ ഊര്‍ജത്തിനും പ്രോട്ടീന്‍ ബാറുകള്‍ നല്ലതാണ്. ഭക്ഷണം ഉണ്ടാക്കാന്‍ സമയമില്ലാത്തവര്‍ക്ക് പ്രോട്ടീന്‍ ബാറുകള്‍ നല്ലൊരു ഓപ്ഷന്‍ ആണെങ്കിലും ഇവ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ചില പ്രോട്ടീന്‍ ബാറുകളില്‍ പ്രിസര്‍വേറ്റീവുകളും ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കാനുള്ള രാസവസ്തുക്കളും ചേര്‍ത്തിട്ടുണ്ട്. പ്രോസസ്ഡ് ഫുഡിന്റെ ഗണത്തില്‍ വരുന്ന പ്രോട്ടീന്‍ ബാറുകളും ഉണ്ട്. ഇത്തരം പ്രോട്ടീന്‍ ബാറുകളില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അത് ശരീരത്തിന് ഗുണകരമല്ല. അതിനാല്‍ പ്രോട്ടീന്‍ ബാറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവയിലെ ചേരുവകള്‍ പരിശോധിക്കുക.

ആറ് മുതല്‍ എട്ട് ഗ്രാം വരെ പഞ്ചസാര അടങ്ങിയ പ്രോട്ടീന്‍ ബാറുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ പ്രോട്ടീന്‍ ബാറുകള്‍ വയറുവേദനയ്ക്ക് കാരണമാകും. പ്രോട്ടീന്‍ ബാറുകളില്‍ അടങ്ങിയിട്ടുള്ള ഷുഗര്‍ ആല്‍ക്കഹോള്‍ ചിലപ്പോള്‍ വയറിളക്കം സൃഷ്ടിക്കും. കൃത്രിമ ചേരുവകള്‍ അടങ്ങിയ പ്രോട്ടീന്‍ ബാറുകള്‍ എന്നും കഴിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. പല പ്രോട്ടീന്‍ ബാറുകളിലും ഉയര്‍ന്ന കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വര്‍ധിക്കാന്‍ ഇടയാക്കും. ഒരു ദിവസം കൂടുതല്‍ പ്രോട്ടീന്‍ ബാറുകള്‍ കഴിച്ചാല്‍ 500 കലോറി വരെ ശരീരത്തിനുള്ളില്‍ ചെല്ലാന്‍ സാധ്യതയുണ്ട്. ഒരു സപ്ലിമെന്റായി പ്രോട്ടീന്‍ ബാറുകള്‍ ഉപയോഗിക്കാം എന്നതല്ലാതെ ഇത് പ്രഭാത ഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോ പകരം കഴിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് നിര്‍ദേശിക്കുന്നു. വ്യായാമം ചെയ്യാത്തവര്‍ ദിവസവും പ്രോട്ടീന്‍ ബാറുകള്‍ കഴിക്കുന്നത് ശരീര ഭാരം വര്‍ധിക്കാന്‍ കാരണമാകും. ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീന്‍ ലഭിക്കാന്‍ മത്സ്യം, മാംസം, ബീന്‍സ്, പരിപ്പ്, ധാന്യങ്ങള്‍ എന്നിവ അടങ്ങുന്ന ഭക്ഷണക്രമം പിന്തുടരുന്നതാണ് ഏറ്റവും നല്ലത്. വ്യായാമം ചെയ്യുന്നവര്‍ക്കാണ് പ്രോട്ടീന്‍ ബാറുകള്‍ കൂടുതല്‍ ഗുണം ചെയ്യുന്നത്.