തിരുവനന്തപുരം: കെ ബി ഗണേഷ് കുമാര്‍ ഗതാഗത വകുപ്പു മന്ത്രിയായതോടെ കേരളത്തിലെ ഡ്രൈവിങ് ടെസ്റ്റിലെ ഉഡായിപ്പുകള്‍ക്കു മുഴുവന്‍ അവസാനമാകുമെന്നു പ്രതീക്ഷിച്ചവര്‍ക്കു തെറ്റുന്നില്ല. ലൈസന്‍സ് ലഭിക്കുന്നതിനായി വാഹനം ഓടിച്ചു കാണിക്കേണ്ട രണ്ടാം ഭാഗം മുഴുവന്‍ അഴിച്ചു പണിതതുകൊണ്ട് മന്ത്രി വെറുതെയിരിക്കുന്നില്ല. അടുത്തതായി കൈവച്ചിരിക്കുന്നത് ഒന്നാം ഘട്ടമായ ലേണേഴ്‌സിലാണ്.
നിലവില്‍ ലേണേഴ്‌സ് ഘട്ടം കടന്നു കിട്ടാന്‍ ഇരുപതു ചോദ്യങ്ങള്‍ അടങ്ങിയ പരീക്ഷയില്‍ ഏതെങ്കിലും പന്ത്രണ്ടെണ്ണം ശരിയാക്കിയാല്‍ മതിയായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും ഡ്രൈവിങ് സ്‌കൂളുകാര്‍ മുന്‍കൂറായി നല്‍കുകയും ചെയ്യുമായിരുന്നു. കറക്കിക്കുത്തിയാണെങ്കിലും കടന്നു കൂടുന്നവര്‍ ധാരാളമായിരുന്നു. ആ സമ്പ്രദായം മാറുകയാണ്. ചോദ്യങ്ങളുടെയും ശരിയാക്കേണ്ട ഉത്തരങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതാണ് അടുത്ത പടിയായി വരുന്നത്. ഇനി മുതല്‍ ഇരുപതിനു പകരം മുപ്പതു ചോദ്യങ്ങള്‍ക്കാണ് ഉത്തരം കണ്ടുപിടിക്കേണ്ടത്. അതില്‍ തന്നെ പതിനെട്ടം ശരിയായിരിക്കുകയും വേണം. ചോദ്യോത്തരങ്ങള്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ നല്‍കുന്ന രീതിയും നിലയ്ക്കുന്നു. പകരം മോട്ടോര്‍ വാഹന വകുപ്പിന്റെ ആപ്പില്‍ നല്‍കിയിരിക്കുന്നതു നോക്കി വേണം പഠിക്കാന്‍. ഒരു ചോദ്യത്തിന് ഇതുവരെ പതിനഞ്ച് സെക്കന്‍ഡായിരുന്നു ഉത്തരം കണ്ടുപിടിക്കാന്‍ നല്‍കിയിരുന്നതെങ്കില്‍ ഇനിമുതല്‍ അത് മുപ്പതു സെക്കന്‍ഡായി ഉയരും.
ലേണേഴ്‌സ് ലൈസന്‍സിനു പുറമെ ഒരു അധിക ടെസ്റ്റ് കൂടി വരികയും ചെയ്യും. വകുപ്പിന്റെ ആപ്പില്‍ നല്‍കിയിരിക്കുന്ന മോക്ക് ടെസ്റ്റില്‍ പേരുചേര്‍ത്ത് വിജയിക്കുന്നവര്‍ക്ക് റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് കൂടി ലഭിക്കും. ഈ സര്‍ട്ടിഫിക്കറ്റ് കിട്ടിയവര്‍ക്ക് വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന ക്ലാസില്‍ പങ്കെടുക്കേണ്ട ആവശ്യം വരില്ല. ഇതുകൊണ്ടും പരിഷ്‌കാരങ്ങള്‍ തീരുന്നില്ല. ഡ്രൈവിങ് സ്‌കൂളുകാരും ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍മാരുമെല്ലാം റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം.
ലേണേഴ്‌സ് ലൈസന്‍സ് ഇനി അലകും പിടിയും മാറുന്നു. റോഡ് സുരക്ഷാ സര്‍ട്ടിഫിക്കറ്റും വരുന്നു
