ഒറ്റയ്‌ക്കൊരു വീട്ടമ്മയും ഒരു ലോഡ് കരിങ്കല്ലും

സംഘടിച്ചെത്തിയ തൊഴിലാളികള്‍ തറക്കളി കളിച്ചപ്പോള്‍ ഒരു ലോഡ് തറയോട് തനിയെ വണ്ടിയില്‍ നിന്നിറക്കിയ വീട്ടമ്മയാണ് താരം. തൊഴിലാളികളുടെ സംഘടിത ശക്തിക്കും ഭീഷണികള്‍ക്കും നടുവില്‍ പകയ്ക്കുകയോ പതറുകയോ ചെയ്യാതെ ജീവിതത്തില്‍ ആദ്യമായി ലോറിയുടെ പ്ലാറ്റ്‌ഫോമിലേക്ക് അള്ളിപ്പിടിച്ച് കയറുമ്പോള്‍ പ്രിയ വിനോദ് എന്ന മുന്‍ അധ്യാപികയ്ക്ക് പ്രതികാര ചിന്തയില്ലായിരുന്നു, വാശി വേണ്ടുവോളമുണ്ടായിരുന്നു. രണ്ടാമതൊരു കൈ തുണയ്ക്കുവാനില്ലാത്ത സാഹചര്യത്തിലും അനീതിയോടു വിട്ടുവീഴ്ച ചെയ്യാന്‍ തയാറല്ലാത്ത പെണ്ണിന്റെ ചങ്കുറപ്പു മാത്രമായിരുന്നു കൂട്ട്.
എങ്ങനെയും പ്ലാറ്റ്‌ഫോമില്‍ കയറിപ്പറ്റുമ്പോള്‍ ഇക്കണ്ട തറയോടു മുഴുവന്‍ തന്നെക്കൊണ്ടു മാത്രമായി അണ്‍ലോഡ് ചെയ്യാനാവുമോയെന്ന ആശങ്ക മനസു നിറയെ ഉണ്ടായിരുന്നു. ഏതായാലും നനഞ്ഞിറങ്ങി, ഇനി കുളിച്ചുകയറുക തന്നെ. ലോറിയുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് എടുത്തുകൊടുക്കുന്ന കല്ലുകള്‍ താഴെ നിന്നു വാങ്ങാന്‍ പോലും ആരുമില്ലാതിരുന്നതിനാല്‍ പെറുക്കി താഴെയിടുക മാത്രമായിരുന്നു ചെയ്യാനാവുന്നത്. സാവധാനമാണെങ്കിലും മുഴുവന്‍ താഴെയിറക്കി, വണ്ടിക്കാരെ പറഞ്ഞുവിടുകയും ചെയ്തു. 150 കല്ലിറക്കുന്നതിന് രണ്ടു മണിക്കൂറിലധികമാണ് വേണ്ടിവന്നത്. ജീവിതത്തിലാദ്യമായി ഒരു ലോഡ് കല്ലില്‍ കൈ വയ്ക്കുകയും അവ ഒന്നൊഴിയാതെ മുഴുവന്‍ വീട്ടുമുറ്റത്ത് അണ്‍ലോഡ് ചെയ്യുകയും ചെയ്ത വീട്ടമ്മയ്ക്കാകട്ടെ നമ്മുടെ തംസ്അപ്.
കഥയിങ്ങനെ. കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയായിരുന്നു കൊല്ലം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ തച്ചോണം സ്വദേശിയായ പ്രിയ വിനോദ്. ഇപ്പോള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും വീട്ടമ്മയുമായി ജീവിക്കുന്നു. ഭര്‍ത്താവ് പോലീസില്‍ സബ് ഇന്‍സ്‌പെക്ടറാണ്. മലപ്പുറത്താണ് ജോലി. തച്ചോണം മുസ്ലിം പള്ളിക്കു സമീപം കിളിമാനൂര്‍ റോഡില്‍ പ്രിയയും ഭര്‍ത്താവും ചേര്‍ന്നു നിര്‍മിക്കുന്ന വീടിന്റെ പണി അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. മുറ്റത്തു വിരിക്കാനുള്ള തറയോടുകള്‍ മിനിലോറിയിലാണ് കൊണ്ടു വരുന്നത്. സ്വന്തം പുരയിടത്തിലേക്കു കയറ്റി നിര്‍ത്തുന്ന വണ്ടിയില്‍ നിന്ന് കെട്ടിട നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ തന്നെ ലോഡിറക്കുകയാണ് ചെയ്യുന്നത്.
ഇങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി ഒരു ലോഡ് തറയോടു വരുന്നത്. തൊഴിലാളികളെ വിളിച്ചു വരുത്തി അവര്‍ ലോഡിറക്കാന്‍ തുടങ്ങിയപ്പോഴാണ് സ്ഥലത്തെ ലോഡിങ് തൊഴിലാളികള്‍ സംഘടിച്ചെത്തിയത്. ചുമടിറക്കുന്നത് അവരുടെ പണിയാണെന്നും മറ്റാരെയും അതിന് അനുവദിക്കുകയുമില്ലെന്നും പറഞ്ഞത് ഭീഷണിയുടെ സ്വരത്തില്‍. പ്രിയ അവരെ വാക്കുകള്‍ കൊണ്ടു ചെറുത്തു നിന്നെങ്കിലും വഴങ്ങുന്നില്ല. ഒരു മിനി ലോറിയില്‍ വന്ന 150 തറയോടുകള്‍ ഇറക്കുന്നതിന് അവര്‍ക്കു വേണ്ടിയിരുന്നത് 12000 രൂപ. കിളിമാനൂരില്‍ നിന്ന് ലോഡു ചെയ്യുന്നതിന് ഇതിന്റെ നാലിലൊന്നു പോലും ചെലവായതല്ല.
ഇതിനു മുമ്പ് ഇതുപോലെയൊരു ലോഡ് തറയോടു വന്നപ്പോഴും തൊഴിലാളികള്‍ ആവശ്യപ്പെട്ടത് 12000 രൂപ തന്നെയായിരുന്നു. എന്നാല്‍ അന്ന് ഒത്തുതീര്‍പ്പെന്ന നിലയില്‍ 3500 രൂപയ്ക്ക് ലോഡിറക്കാന്‍ അവര്‍ അവസാനം സമ്മതിച്ചു. ഇക്കുറി പക്ഷേ, അതിനു പോലും അവര്‍ക്കു സമ്മതമല്ല. ഇത്രയുമായപ്പോള്‍ തര്‍ക്കത്തില്‍ ഇടപെടുന്നതിനു പാങ്ങോട് പോലീസ് സ്ഥലത്തെത്തിയെങ്കിലും അവരും കാഴ്ചക്കാരായി മാറി നിന്നതേയുള്ളൂ. അങ്ങനെ അവരെക്കൂടി സാക്ഷിയാക്കിക്കൊണ്ടായിരുന്നു പിന്നീടുള്ള പറച്ചിലും മറുപറച്ചിലുമെല്ലാം. നടപ്പില്ലെന്നു പ്രിയ, തന്നേ തീരൂവെന്ന് അവര്‍. ലോറിക്കാര്‍ക്ക് സാധനം നിലത്തെത്തിച്ചിട്ട് മടങ്ങേണ്ടതാണ്.
അവസാനം തൊഴിലാളികള്‍ ഇങ്ങനെയൊരു കോംപ്രമൈസിലെത്തി. വേണമെങ്കില്‍ പ്രിയയും ഭര്‍ത്താവും തന്നെ ചുമടിറക്കാം. മലപ്പുറത്ത് ഡ്യൂട്ടിയിലിരിക്കുന്ന ഭര്‍ത്താവിനെ രാത്രി ഇവിടെ വരുത്തുന്നതെങ്ങനെ. പിന്നെ വൈകിയില്ല, പ്രിയ തനിയെ അള്ളിപ്പിടിച്ച് വണ്ടിയിലേക്ക്് കയറുകയായി. ഓരോന്നായി തറയോടുകള്‍ പെറുക്കി നിലത്തേക്കിടാന്‍ തുടങ്ങി. രണ്ടുമണിക്കൂര്‍ കൊണ്ടു കല്ലുകള്‍ മുഴുവന്‍ വണ്ടിയുടെ പ്ലാറ്റ്‌ഫോമില്‍ നിന്നു സ്വന്തം വീടിന്റെ ഉമ്മറത്തിറങ്ങി. കൈവെള്ളകള്‍ രണ്ടും നോവുന്നുണ്ടായിരുന്നെങ്കിലും അതിനെ കടത്തിവെട്ടുന്ന ആനന്ദമായിരുന്നു അപ്പോള്‍ പ്രിയയുടെ മനസില്‍. ഒപ്പം ഒരു തൊഴില്‍ കൂടെ പഠിച്ചതിന്റെ അഭിമാനവും. ഇവര്‍ കല്ലിറക്കുന്ന നേരമത്രയും തൊഴിലാളികളും പാങ്ങോട് പോലീസും കാവലായി നിന്നു.
കല്ലിറക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ് ചെയ്തതോടെ നിന്ന നില്‍പില്‍ പ്രിയ ഒരു താരമായിക്കഴിഞ്ഞു. ആള്‍ക്കാര്‍ ഈ വീഡിയോയ്ക്കു താഴെ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞുകൊണ്ടേയിരിക്കുകയാണ്. കെപിസിസിയുടെ മീഡിയ സെല്‍ അംഗം കൂടിയാണ് പ്രിയ. അങ്ങനെ രാഷ്ട്രീയരംഗത്ത് അറിയപ്പെടുന്നയാളെങ്കില്‍ കൂടി സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലും ആരെയും സഹായത്തിനു വിളിക്കാതെ തനിച്ചു തന്നെ എല്ലാം ചെയ്താല്‍ മതിയെന്ന തീരുമാനമാണ് അവസാനം വിജയിച്ചത്.