ലണ്ടന്‍: പ്രകൃതിയുടെ നിയമപരമായ പദവിക്കു വേണ്ടിയുള്ള സമൂലമായ നിര്‍ദേശങ്ങള്‍ അടങ്ങിയ ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഉപരി സഭയായ ഹൗസ് ഓഫ് ലോര്‍ഡ്സില്‍ അവതരിപ്പിക്കപ്പെട്ടു. പ്രകൃതിയുടെ അവകാശ ബില്‍ എന്ന പേരിലാണിത് അറിയപ്പെടുന്നത്.
പ്രകൃതിയെ ബഹുമാനിക്കാതെ ശാശ്വതമായ സാമ്പത്തിക പുരോഗതിയോ സാമൂഹിക നീതിയോ ഉണ്ടാകില്ല എന്ന ആശയം നിയമപരമായി ഉറപ്പിക്കുക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യം. വസ്തുക്കള്‍-സ്വത്ത്-വിഭവങ്ങള്‍ എന്ന നിലയില്‍ പ്രകൃതിയെ മനുഷ്യരുടെ ആവശ്യങ്ങളുടെയും ഉപയോഗമെടുക്കലിന്റെയും രീതിയില്‍ കാണുന്നതില്‍ നിന്നു വേറിട്ട കാഴ്ചപ്പാടാണ് ഈ ബില്‍ ഉദ്ദേശിക്കുന്നത്. മനുഷ്യരും സ്ഥാപനങ്ങളും ദൈവങ്ങളുമൊക്കെ പോലെ നിയമത്തിനു മുന്നില്‍ സ്വന്തം അസ്തിത്വം സ്ഥാപിക്കാന്‍ സാധിക്കുന്ന പദവി ഉറപ്പാക്കണമെന്നാണ് ഈ ബില്‍ ആവശ്യപ്പെടുന്നത്.
ഇത് നിയമമായി മാറുകയാണെങ്കില്‍ പ്രകൃതിയോടുള്ള കരുതല്‍ ഒരാളുടെ നിലപാടിന്റെ കാര്യം എന്നതിലുപരി നിയമപരമായ ബാധ്യതയായി പരിഗണിക്കേണ്ടതായി വരും. ഏതു കാര്യത്തിലായാലും പ്രകൃതിയുടെ താല്പര്യങ്ങള് ഹനിക്കപ്പെടുകയാണെങ്കില് പ്രകൃതിയുടെ പേരില്‍ വാദിക്കേണ്ട ഉത്തരവാദിത്വമുള്ളയാള്ക്ക് അതിനെ അവകാശ ലംഘനമെന്ന നിലയില്‍ കോടതികളില്‍ ഉന്നയിക്കുന്നതിനാകും. നിരവധി പരിസ്ഥിതി സംഘടനകളുടെ പിന്തുണയോടെയാണ് ഈ ബില്‍ പാര്‍ലമെന്റില്‍ എത്തുന്നത്. ഇതു പാസാക്കപ്പെടുകയോ നിയമമാകുകയോ ചെയ്തേക്കില്ല. എന്നാലും പ്രകൃതിയോടുള്ള സമീപനത്തിലെ വലിയൊരു മാറ്റം ചര്‍ച്ചയില്‍ കൊണ്ടുവരുന്നതിനാകും.

