പത്തനംതിട്ട: കറുപ്പുടുത്ത്, ഇരുമുടിക്കെട്ടേന്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു പതിനെട്ടാം പടി ചവിട്ടി ശരണം വിളിച്ച് കാനനവാസന്റെ സവിധത്തിലെത്തി മനംനിറയെ തൊഴുതു. രാവിലെ പതിനൊന്നരയോടെയായിരുന്നു രാഷ്ട്രപതി സന്നിധാനത്തിലെത്തുന്നത്. പതിനെട്ടാം പടി കയറിയെത്തുന്ന കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനന് പൂര്‍ണകുംഭം നല്കി രാഷ്ട്രപതിയെ സന്നിധാനത്ത് വരവേറ്റു.
രാവിലെ ഒമ്പതിന് പ്രമാടം വരെ ഹെലികോപ്ടറില്‍ എത്തിയ മുര്‍മു അവിടെ നിന്നു പ്രത്യേക വാഹനത്തിലാണ് സന്നിധാനത്തെത്തുന്നത്. ദര്‍ശനം കഴിഞ്ഞ് ദേവസ്വം ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കുകയാണിപ്പോള്‍. വൈകുന്നേരം മലയിറങ്ങി താഴെയെത്തി പ്രത്യേക സുരക്ഷയില്‍ തിരുവനന്തപരുത്തേക്കും മടങ്ങും. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് ശബരിമലയില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. ദര്‍ശനത്തിനും നിയന്ത്രണങ്ങളുണ്ടായിരുന്നു.
രാത്രിയോടെ തിരുവനന്തപുരത്തെത്തും. അവിടെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നല്കുന്ന വിരുന്നില്‍ പങ്കെടുക്കുന്നതു മാത്രമാണ് ഇനി ഇന്നത്തെ പരിപാടികള്‍.

