പൊന്‍മുട്ടയിടുന്ന തിരഞ്ഞെടുപ്പ് നിരീക്ഷണം, പ്രശാന്ത് കിഷോറിന്റെ വരുമാനം ഞെട്ടിക്കും

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര തിരഞ്ഞെടുപ്പ് നിരീക്ഷകനെന്നു പേരെടുത്തിരിക്കുന്ന പ്രശാന്ത് കിഷോറിന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ മൊത്തം വരുമാനം എത്രയെന്നോ 241 കോടി രൂപ. അതായത് ഒരു വര്‍ഷം ശരാശരി നേടുന്നത് എണ്‍പതു കോടിയില്‍ പരം രൂപ. ഇതു പറയുന്നത് മറ്റാരുമല്ല, സാക്ഷാല്‍ പ്രശാന്ത് കിഷോര്‍ തന്നെ. ബീഹാറില്‍ ജന്‍ സുരാജ് പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ പ്രസ്ഥാനം കെട്ടിപ്പടുത്ത് തിരഞ്ഞെടുപ്പ് ഗോദയില്‍ നിരീക്ഷകന്റെ റോളില്‍ നിന്നു മാറി കളിക്കാരന്റെ റോളിലിറങ്ങുമ്പോള്‍ നടത്തിയ കുമ്പസാരത്തിലാണ് ഈ കണക്കുകളുള്ളത്. ഒപ്പം തിരഞ്ഞെടുപ്പ് രംഗത്തുള്ള മറ്റു പലരെയും പോലെ താന്‍ കള്ളനല്ലെന്നു (ഹം ചോര്‍ നഹിം ഹൈ) തെളിയിക്കാനാണ് ഈ കണക്കുകള്‍ അദ്ദേഹം നിരത്തുന്നത്. ഇത്രയും വരുമാനമുണ്ടാക്കുകയും അതില്‍ ജിഎസ്ടിയായി 31 കോടി രൂപയും ആദായ നികുതിയായി 20 കോടി രൂപയും സംഭാവനയായി 99 കോടി രൂപയും നല്‍കിയതായി അദ്ദേഹം പറയുന്നു. അത്രയും സുതാര്യമായ കണക്കുകള്‍ മറ്റാര്‍ക്കും പറയാന്‍ സാധിക്കില്ലെന്നാണ് പ്രശാന്ത് കിഷോറിന്റെ വാദം. ഇത്രയും തുക സംഭാവന കൊടുത്തു എന്നു പറയുമ്പോള്‍ ഇന്ത്യയിലെ പാവങ്ങള്‍ക്കും മറ്റും കൊടുത്തെന്നു തെറ്റിദ്ധരിക്കേണ്ട, സംഭാവന മുഴുവന്‍ പോയിരിക്കുന്നത് തന്റെ തന്നെ രാഷ്ട്രീയ പാര്‍ട്ടിയായ ജന്‍ സുരാജിനാണ്. അതായത് ഒരു പോക്കറ്റില്‍ നിന്നെടുത്ത് മറ്റേ പോക്കറ്റിലേക്ക് ഇടുന്നതു പോലെയൊരു പരിപാടി.