പരപ്പനയിലേക്ക് വീണ്ടുമൊരു വിഐപി, ഇക്കുറി പ്രജ്വല്‍

ബെംഗളുരു: ജയലളിതയുടെ തോഴി ശശികലയും അബ്ദുള്‍ നാസര്‍ മദനിയും തടവില്‍ കഴിഞ്ഞ് ശ്രദ്ധേയമായ പരപ്പന അഗ്രഹാര ജയിലിന് കര്‍ണാടക രാഷ്ട്രീയത്തിലെ ഒരു വിഐപിയെ പുതിയ അന്തേവാസിയായി ലഭിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ പുത്രനും മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയാണ് 15528ാം നമ്പര്‍ തടവുകാരനായി എത്തിയിരിക്കുന്നത്. ജീവപര്യന്തം തടവു ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് കുറ്റവാളികളുടെ സെല്ലിലേക്ക് അദ്ദേഹത്തെ മാറ്റിയിരിക്കുകയാണ്. വീട്ടു ജോലിക്കാരിയെ ഫാം ഹൗസില്‍ പീഢിപ്പിച്ചു എന്ന കുറ്റത്തിനാണ് പ്രജ്വലിനു കഴിഞ്ഞ ദിവസം ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഇനിയും മൂന്നു കേസുകളില്‍ കൂടി വിചാരണ പൂര്‍ത്തിയാകാനുണ്ട്.
വിചാരണ തടവുകാരനായിരുന്ന കാലത്തേതിനെക്കാള്‍ വ്യത്യസ്തനായി സാധാരണ തടവുകാരുടെ വെളുത്ത നിറത്തിലുള്ള യൂണിഫോം തന്നെ പ്രജ്വലും ധരിക്കണം. എല്ലാ ദിവസവും എട്ടു മണിക്കൂര്‍ ജോലിയെടുക്കുകയും വേണം. ജയിലിലെ ബേക്കറി, പൂന്തോട്ട പരിപാലനം, പച്ചക്കറി കൃഷി, ആശാരിപ്പണി തുടങ്ങിയ ജോലികളിലൊന്ന് തടവുകാര്‍ക്കു തിരഞ്ഞെടുക്കാം. ഈ ജോലിക്ക് മാസം 524 രൂപ ശമ്പളമായി ലഭിക്കുകയും ചെയ്യും. ജോലിയിലെ മികവനുസരിച്ച് ഭാവിയില്‍ ശമ്പള വര്‍ധനയ്ക്കും അവസരമുണ്ടായിരിക്കും. മുന്‍ എംപിയും പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗവുമാണെങ്കിലും സാധാരണ തടവുപുള്ളികള്‍ക്കുള്ള സൗകര്യങ്ങള്‍ക്കു മാത്രമായിരിക്കും പ്രജ്വലിനും അര്‍ഹത.