ബെംഗളൂരു: വീട്ടുജോലിക്കാരിയെ പലതവണ പീഢിപ്പിക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ ജനതാദള്‍ എസ് മുന്‍ എംപിയും മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഡൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് പ്രത്യേക കോടതി കണ്ടെത്തി. ശിക്ഷ ശനിയാഴ്ച വിധിക്കും. പ്രജ്വല്‍ രേവണ്ണയുടെ പേരില്‍ ആകെ നാലു പീഢന കേസുകളാണുള്ളത്. അതില്‍ ആദ്യത്തെ കേസിലാണ് വിധി വന്നിരിക്കുന്നത്. മറ്റു മൂന്നു കേസുകളുടെ വിധി വരാനിരിക്കുന്നതേയുള്ളൂ.
പതിനേഴാം ലോക്സഭയില്‍ കര്‍ണാടകത്തിലെ ഹാസനില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു പ്രജ്വല്‍. ദേവെഗൗഡയുടെ മകന് എച്ച് ഡി രേവണ്ണയാണ് ഇയാളുടെ പിതാവ്. ഹാസില്‍ തന്നെയുള്ള സ്വന്തം ഫാം ഹൗസില്‍ വച്ച് വീട്ടുജോലിക്കാരിയായ സ്ത്രീയെ പലതവണ പീഢിപ്പിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് കേസ്. ഇവരെ ഉള്‍പ്പെടെ നിരവധി സ്ത്രീകളെ പ്രജ്വല്‍ പീഢിപ്പിക്കുന്നതിന്റെ വീഡിയോ ലീക്കായി പുറത്തു വന്നതിനെ തുടര്‍ന്ന് ഇവര്‍ സ്വമേധയാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീഡിയോ ഉള്‍പ്പെടെ 26 തെളിവുകളാണ് കോടതി പരിശോധിച്ചത്.
2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഹാസനിലെ ജനതാദള്‍ എസ് സ്ഥാനാര്‍ഥിയായിരുന്നു പ്രജ്വല്‍. ലോക്സഭാ തിരഞ്ഞെടുപ്പിനിടെയാണ് വീഡിയോകള്‍ പുറത്താകുന്നത്. ഇതോടെ പ്രജ്വല്‍ വിദേശത്തേക്കു കടന്നെങ്കിലും പിന്നീടു തിരികെയെത്തിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ പ്രജ്വല്‍ നാല്പതിനായിരത്തിലധികം വോട്ടുകള്‍ പരാജയപ്പെടുകയാണുണ്ടായത്.

