ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈന്‍ യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയെ കരുതി പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിമാന യാത്രയ്ക്കിടയില്‍ പവര്‍ ബാങ്ക് ഉപയോഗിക്കാന്‍ പാടില്ലെന്നതാണ്. 2025 ഒക്ടോബര്‍ ഒന്നു മുതലാണ് പുതിയ നിബന്ധന നിലവില്‍ വരിക. എന്നാല്‍ ചില പ്രത്യേക പവര്‍ ബാങ്കുകള്‍ കൈവശം വയ്ക്കുന്നതിനു മാത്രം അനുമതിയുണ്ട്. കൈവശം വയ്ക്കുന്ന പവര്‍ ബാങ്കുകള്‍ വിമാനത്തിനുള്ളില്‍ വച്ച് ചാര്‍ജ് ചെയ്യാനും വിലക്കുണ്ട്.
നൂറു വാട്ടവേഴ്‌സിനു താഴെയുള്ള പവര്‍ബാങ്കുകള്‍ മാത്രമാണ് യാത്രക്കാര്‍ക്ക് വിമാന യാത്രയ്ക്കിടെ കൈവശം കരുതാവുന്നത്. സീറ്റ് പോക്കറ്റിലോ സീറ്റിനു മുന്നിലെ ബാഗിലോ മാത്രമേ ഇതു വയ്ക്കാന്‍ അനുവദിക്കൂ. ചെക്ക് ഇന്‍ ബാഗേജിലും പവര്‍ബാങ്ക് അനുവദിക്കില്ല. സീറ്റിനു മുകളിലുള്ള ഓവര്‍ഹെഡ് സ്റ്റൗജ് ബിന്നിലും വയ്ക്കുന്നതിനു വിലക്കുണ്ട്.
സമഗ്രമായ സുരക്ഷാ അവലോകനത്തിനു ശേഷമാണീ തീരുമാനമെന്ന് എയര്‍ലൈന്‍ അറിയിച്ചു. സമീപ വര്‍ഷങ്ങളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഇത് വിമാനത്തില്‍ ലിഥിയം ബാറ്ററി സംബന്ധമായ അപകടങ്ങളുണ്ടാക്കുന്നതിനു കാരണമാകുന്നു. പവര്‍ബാങ്കുകളില്‍ പ്രധാനമായും ലിഥിയം അയണ്‍ അല്ലെങ്കില്‍ ലിഥിയം പോളിമര്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇവ അമിതമായി ചൂടാകുകയോ കേടാകുകയോ ചെയ്താല്‍ ചിലപ്പോള്‍ വലിയ അപകടങ്ങള്‍ക്കു കാരണമാകാം. ഇതാണു നിരോധനത്തിനു പിന്നിലെ സാങ്കേതിക വശം.

