തൊണ്ടി ബ്ലൂ ഫിലിമെങ്കില്‍ ജഡ്ജി സ്വയം കണ്ടില്ലെങ്കില്‍ കേസ് പാളിയതു തന്നെ

കൊച്ചി: അശ്ലീല കാസറ്റുകള്‍ കൈവശം വച്ചുവെന്ന കുറ്റത്തിന് 28 വര്‍ഷം മുമ്പ് അറസ്റ്റിലായ ആളെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. ഒരു വര്‍ഷം തടവും ആയിരം രൂപ പിഴയുമായിരുന്നു അവസാനവിധിയില്‍ ഉണ്ടായിരുന്നതെങ്കിലും ഇക്കാലമത്രയും അപ്പീലിന്‍മേല്‍ കേസ് പറയുകയായിരുന്നു. കോട്ടയം കൂരോപ്പട സ്വദേശിയാണ് കഥാനായകന്‍. തെളിവായി കോടതിയില്‍ ഹാജരാക്കിയ കാസറ്റുകള്‍ മജിസ്‌ട്രേറ്റ് സ്വന്തം നിലയില്‍ കാണുകയും അശ്ലീലമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തില്ലെന്നായിരുന്നു ഇയാളുടെ വാദം. ഇത് അംഗീകരിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഇന്ത്യന്‍ തെളിവുനിയമത്തിന്റെ ആനുകൂല്യം നല്‍കി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു.
ഇയാളുടെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്ന് 1997ലാണ് പോലീസ് പത്ത് കാസറ്റുകള്‍ പിടിച്ചെടുക്കുന്നത്. ഇവ അശ്ലീല കാസറ്റുകളാണെന്ന പേരിലായിരുന്നു കണ്ടെടുക്കല്‍. അശ്ലീല ദൃശ്യങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് തടയുന്ന ഐപിസി 292 പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. കേസില്‍ കോട്ടയം മജിസ്‌ട്രേറ്റ് കോടതി ഇയാള്‍ക്ക് രണ്ടു വര്‍ഷം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഈ വിധിക്കെതിരേ ഇയാള്‍ കോട്ടയം സെഷന്‍സ് കോടതിയില്‍ അപ്പീല്‍ പോയപ്പോള്‍ അപ്പീല്‍ കോടതി കുറ്റം സ്ഥാപിക്കുകയും ശിക്ഷ ഒരു വര്‍ഷം തടവും ആയിരം രൂപ പിഴയുമായി കുറവു ചെയ്തു. തുടര്‍ന്നായിരുന്നു ഇയാള്‍ സെഷന്‍സിലെ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുന്നത്.
സാക്ഷി മൊഴികള്‍ ഉണ്ടെങ്കിലും കോടതിയില്‍ ഹാജരാക്കുന്ന തൊണ്ടിമുതലുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ചുമതല മജിസ്‌ട്രേറ്റിനുണ്ടെന്നു കോടതി വ്യക്തമാക്കി. അതു ചെയ്തിട്ടില്ലെന്ന് ഈ കേസില്‍ വ്യക്തമാകുന്നതിനാല്‍ അശ്ലീല ദൃശ്യങ്ങളുടെ പേരില്‍ ചുമത്തപ്പെട്ട കുറ്റം നിലനില്‍ക്കുന്നതല്ലെന്നു കോടതിവ്യക്തമാക്കി.