തിരുവന്തപുരം: കള്ളനെ കാവലേല്‍പിച്ചാല്‍ പി്‌ന്നെ ആരെയും പേടിക്കേണ്ട എന്നാണ് വയ്‌പെങ്കിലും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടന്നതു നേരേ തിരിച്ചാണ്. കളവുകേസുകളിലുള്‍പ്പെടെ അകത്തായ ജയില്‍പുള്ളികളും അവരെനോക്കുന്ന നിയമപാലകരും ഒരുപോലെ മേല്‍നോട്ടം വഹിക്കുന്ന ഭക്ഷണശാലയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്നു ട്രഷറിയില്‍ അടയ്ക്കാനായി മാറ്റിവച്ചിരുന്ന പണമായിരുന്നു ഇത്. ശനിയും ഞായറും നടത്തിയ കച്ചവടത്തിന്റെ മുഴുവന്‍ പണവും അങ്ങനെ ഒരു വഴിക്കായി.
തടവുകാര്‍ തന്നെയാണ് ഭക്ഷണശാലയുടെ നടത്തിപ്പുകാര്‍. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നു കരുതുന്നു. ഇവിടെ നിരീക്ഷണ ക്യാമറകള്‍ പലതുണ്ടെങ്കിലും ഒന്നും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു തിരിച്ചറിയുന്നതും ഇതോടെയാണ്. ഏതെങ്കിലും ക്യാമറയില്‍ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്നു നോക്കുമ്പോള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല.
ഭക്ഷണശാലയ്ക്ക് പിന്നിലായി വേറൊരു മുറി കൂടിയുണ്ട്. ഈ മുറി തുറന്ന് അതിലൂടെ അകത്തെത്തിയ ആള്‍ മേശവലിപ്പില്‍ നിന്ന് പണമെടുത്തു മുങ്ങുകയായിരുന്നെന്നു കരുതുന്നു. താക്കോല്‍ കൂട്ടം ഓഫീസില്‍ സൂക്ഷിക്കുന്നതിനു പകരം ആര്‍ക്കും എടുക്കാവുന്ന വിധത്തില്‍ മറ്റൊരിടത്തു വയ്ക്കുന്നതായിരുന്നത്രേ പതിവ്. താക്കോലും പണവും എവിടെയാണെന്ന് കൃത്യമായി അറിയാവുന്നയാളാണ് സംഭവത്തിനു പിന്നിലെന്ന് അനുമാനിക്കപ്പെടുന്നു.
കള്ളനെ കാവലേല്‍പിച്ചാലും പേടിക്കണം. കണ്ടോ പൂജപ്പുരയില്‍ നടന്നത്

