ഷിഗേരു ഇഷിബ കസേരയൊഴിയുന്ന ജപ്പാന്‍ ഇനിയെങ്ങോട്ട്, വെല്ലുവിളികള്‍ നിസാരമല്ല, ഉത്തരവും

ജപ്പാനില്‍ നേതൃത്വത്തിനായി തീവ്രപോരാട്ടത്തിനു വഴിവെച്ചുകൊണ്ട് ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവച്ചു. ഇനിവരുന്നത് ജപ്പാന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ വഴിത്തിരിവിന്റെ നാളുകളാവാമെന്നാണു പ്രതീക്ഷ. തന്റെ കക്ഷിയായ ലിബെറല്‍ ഡെമൊക്രാറ്റിക്ക് പാര്‍ട്ടിയും തങ്ങളുടെ സഖ്യകക്ഷിയും പാര്‍ലമെന്റിലെ ഇരുസഭകളിലും തോല്‍വി നേരിട്ടതോടെയാണ് ഇഷിബ ഉത്തരവാദിത്തമേറ്റുകൊണ്ട് പടിയിറങ്ങുന്നത്. തന്റെ ഭരണകാലത്ത് അമേരിക്കന്‍ വ്യാപാരനിയന്ത്രണ താരിഫുകള്‍ ലഘൂകരിക്കുന്നതിനായി 550 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യാപാരകരാര്‍ അമേരിക്കയുമായി വിജയകരമായി ചര്‍ച്ചചെയ്തു നടപ്പാക്കിയെങ്കിലും ഉയരുന്ന ജീവിതച്ചെലവുകള്‍മൂലം പൊറുതിമുട്ടുന്ന വോട്ടര്‍മാരുടെ അസംതൃപ്തിയാണ് അദ്ദേഹത്തിന്റെ രാജിയിലേയ്ക്കു നയിച്ചതെന്നു കരുതപ്പെടുന്നു.
അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരന്റെ സാമ്പത്തികനയങ്ങളേപ്പറ്റിയുള്ള ആശങ്കയില്‍ ജാപ്പനീസ് വിപണിയുടെ മുന്നേറ്റം ഏതാണ്ട് മന്ദീഭവിച്ച മട്ടാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമികളായി കരുതപ്പെടുന്നവരില്‍ ഒരാള്‍ പാര്‍ട്ടിയിലെ ദീര്‍ഘകാലനേതാവും ഈയിടെ ഉയര്‍ത്തിയ പലിശാനിരക്കുകളുടെ വിമര്‍ശകനുമായിരുന്ന സനായെ തകായിച്ചി ആണെങ്കില്‍, മറ്റേയാള്‍ യുവാവും ഇപ്പോഴത്തെ കൃഷിമന്ത്രിയും മുന്‍ പ്രധാനമന്ത്രിയുടെ പുത്രനുമായ ഷിന്‍ജിരോ കൊയിസുമിയുമാണ്. കൊയിസുമി നയങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ വരുത്താനിടയില്ലെന്നു കരുതപ്പെടുമ്പോള്‍, തകായിച്ചിയുടെ നയങ്ങള്‍ നിക്ഷേപകരെ ചെറുതായി ആശങ്കയിലാഴ്ത്തുന്നു. തങ്ങളുടെ രാജ്യം ഉറച്ച നേതൃത്വത്തിനു കീഴില്‍ ഉടനേ ഇപ്പോഴുള്ള പ്രശ്‌നങ്ങളെ അതീജീവിക്കുമെന്ന് സാധാരണക്കാരും സമ്പന്നരും ഒരുപോലെ ആശിക്കുന്നു. അതിനാല്‍ത്തന്നെ, ഇഷിബയുടെ പിന്‍ഗാമി തെരഞ്ഞെടുക്കപ്പെട്ടയുടനെ ശക്തിപ്രകടനത്തിന്റെ ഭാഗമായി ഒരു പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ ഇടയുണ്ടെങ്കിലും, വോട്ടര്‍മാര്‍ അത് ആശിക്കുന്നില്ലെന്ന് സര്‍വേ ഫലങ്ങള്‍ പറയുന്നു.
ഇഷിബയുടെ പിന്‍ഗാമി രാഷ്ടീയവും സാമ്പത്തികവുമായ വെല്ലുവിളികളെ എങ്ങനെ നേരിടുമെന്നു കാണാനായി കാത്തിരിക്കുകയാണ് ജാപ്പനീസ് ജനത.