സിഡ്‌നി: മാനസിക വെല്ലുവിളി നേരിടുന്നൊരു സ്ത്രീയെ മര്‍ദിച്ച സംഭവത്തില്‍ ന്യൂ സൗത്ത് വെയില്‍സ് പോലീസിലെ രണ്ടു മുന്‍ ഓഫീസര്‍മാര്‍ക്ക് ജയില്‍ ശിക്ഷ. പെന്റിത്ത് ജില്ലാ കോടതിയാണ് തിമത്തി ട്രൗഷ്, നഥാന്‍ ബ്ലാക്ക് എന്നീ മുന്‍ ഓഫീസര്‍മാര്‍ക്ക് ആറുവര്‍ഷത്തോളം തടവു ശിക്ഷ വിധിച്ചത്. ബോധപൂര്‍വം ഇരയ്ക്കു ദേഹോപദ്രവം ഏല്‍പിച്ചതാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. 2023 ജനുവരിയിലാണ് എമു പ്ലെയിന്‍സില്‍ കേസിനാസ്പദമായ സംഭവം നടക്കുന്നത്.
മര്‍ദനത്തിനിരയായ നാല്‍പത്തെട്ടുകാരി സൈക്കോസിസിന്റെ അവസ്ഥയിലായിരുന്നുവെന്ന് കോടതി അംഗീകരിച്ചു. നഗ്നത മറയ്ക്കാതിരുന്ന ഇവര്‍ ഓഫീസര്‍മാരില്‍ നിന്നു രക്ഷപെടുന്നതിനായി ഓടുകയായിരുന്നത്രേ. പടിഞ്ഞാറന്‍ സിഡ്‌നിയില്‍ വെല്‍ഫെയര്‍ ചെക്കിങ് നടത്തുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍. കേസ് തെളിയിക്കുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ കോടതി അംഗീകരിച്ചു. മര്‍ദനത്തില്‍ ഒപ്പം നില്‍ക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ പങ്കുവയ്ക്കുകയും ചെയ്തതിന് ബ്ലാക്കിന് അഞ്ചു വര്‍ഷവും ഒമ്പതു മാസവും ശിക്ഷ ലഭിച്ചു. ഇതില്‍ മൂന്നു വര്‍ഷവും മൂന്നു മാസവും പരോളില്ലാതെ ജയിലില്‍ കഴിയണമെന്നു വിധിന്യായത്തില്‍ പ്രത്യേകം പറയുന്നു. മര്‍ദനത്തില്‍ പ്രധാനമായും ഏര്‍പ്പെട്ട ട്രൗഷിന് അഞ്ചു വര്‍ഷവും ആറുമാസവുമാണ് ശിക്ഷ. ഇതില്‍ മൂന്നു മാസം പരോളൊന്നുമുണ്ടായിരിക്കില്ല.
നഗ്ന സ്ത്രീയെ മര്‍ദിച്ച പോലീസുകാര്‍ക്ക് തടവ്
