ആലപ്പുഴ: ലഹരി നാടിനെ വരിഞ്ഞുമുറുക്കുമ്പോള്‍ അതിനെതിരേ ബോധവല്‍ക്കരണവുമായി തെരുവിലിറങ്ങുന്നവര്‍ക്കിടയില്‍ ആലപ്പുഴയിലെ ഒരു പോലീസുകാരന്‍ വേറിട്ടു നില്‍ക്കും. ലഹരിയെ ചവിട്ടിപ്പുറത്താക്കാനാണ് ശ്രമം, ചവിട്ടുന്നത് സൈക്കിളാണെന്നു മാത്രം. ഏഴു രാജ്യങ്ങളിലൂടെ ഏഴായിരത്തിലധികം കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടാനൊരുങ്ങുകയാണ് തകഴി സ്വദേശിയായ അലക്‌സ് വര്‍ക്കി. പുന്നപ്ര പോലീസ് സ്‌റ്റേഷനിലെ സിവിള്‍ പോലീസ് ഓഫീസറാണ് ഈ മുപ്പത്തെട്ടുകാരന്‍.
യാത്രയാണ് ലഹരിയെന്നു ലോകത്തോടു വിളിച്ചു പറഞ്ഞുകൊണ്ട് സെപ്റ്റംബര്‍ അഞ്ചു മുതല്‍ 94 ദിവസം അലക്‌സ് സൈക്കിള്‍ ചവിട്ടുകയായിരിക്കും. സൈക്കിളിങ് ഹരമായ ഇയാള്‍ ഇതിനു മുമ്പും ലോങ് ഡിസ്റ്റന്‍സ് സൈക്കിളിങ് നടത്തുന്ന പതിവുണ്ട്. കാശ്മീരിലേക്ക് സൈക്കിള്‍ ചവിട്ടിയതാണ് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ ദൂരം. ഇത്തവണത്തെ യാത്രയാണ് ലോകരാജ്യങ്ങളില്‍ ലഹരിക്കെതിരേ ബോധവല്‍ക്കരണം നടത്തുന്നതിനു വേണ്ടിയുള്ളത്. ഒറ്റയ്ക്കല്ല പോകുന്നത്. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന സുഹൃത്ത് സായിസും കൂടെയുണ്ടാകും.
ഇക്കുറി വിയറ്റ്‌നാം വരെ വിമാനത്തില്‍ പോകും. അവിടെ നിന്നു സൈക്കിള്‍ യാത്ര തുടങ്ങും. ലാവോസ്, തായ്‌ലന്‍ഡ്, കംബോഡിയ, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ കവര്‍ ചെയ്തതിനു ശേഷം ബാലിയിലെത്തി യാത്ര സമാപിക്കും. മേലധികാരികളില്‍ നിന്ന് അവധിയും അനുമതിയും വാങ്ങിയാണ് യാത്ര.
പോലീസ് മുറയിലല്ലാതെ ഒരു പോലീസുകാരന്റെ ലഹരിവിരുദ്ധ പോരാട്ടം
