സീരിയല്‍ കില്ലര്‍ സെബാസ്റ്റിയനെതിരേ സീരിയസ് തെളിവൊന്നും കിട്ടാതെ പോലീസ്

കോട്ടയം: ചേര്‍ത്തല സ്വദേശിയായ സെബാസ്റ്റിയന്‍ നടത്തിയതായി കരുതപ്പെടുന്ന മൂന്നു കൊലപാതകങ്ങളില്‍ ഒന്നില്‍ പോലും ശക്തമായ തെളിവുകള്‍ ലഭിക്കാതെ പോലീസ്. അതിരമ്പുഴ സ്വദേശിയായ ജെയ്‌നമ്മയുടെ കൊലപാതകത്തില്‍ മാത്രമാണ് ശക്തമായ സാഹചര്യത്തെളിവുകളെങ്കിലും ലഭിച്ചിരിക്കുന്നത്. എന്നാല്‍ അതില്‍ പോലും ഏറ്റവും ഉറപ്പുള്ള തെളിവായി മാറേണ്ടത് കണ്ടെടുത്ത അസ്ഥികളില്‍ നിന്നുള്ള ഡിഎന്‍എയുടെ പരിശോധനാ ഫലമാണ്. ഒരു മാസത്തിലേറെയായി പോലീസ് കാത്തിരിക്കുകയാണെങ്കിലും ഇതുവരെ തിരുവനന്തപുരത്തെ ലാബില്‍ നിന്ന് ഈ ഫലം കിട്ടിയിട്ടില്ല. ജെയ്‌നമ്മയുടെ ഫോണ്‍ സെബാസ്റ്റിയന്റെ ഭാര്യവീട്ടില്‍ നിന്നു കണ്ടെടുത്തതും പണയം വച്ച സ്വര്‍ണം പിടിച്ചെടുത്തതുമാണ് പ്രധാന സാഹചര്യത്തെളിവുകള്‍. എന്നാല്‍ ഇയാള്‍ നടത്തിയെന്നു സംശയിക്കപ്പെടുന്ന ബിന്ദു പത്മനാഭന്‍ കൊലയിലും ഇയാള്‍ നേരിട്ടു ബന്ധപ്പെട്ടുവെന്നു കരുതപ്പെടുന്ന ഐഷയുടെ തിരോധാനത്തിലും കാര്യമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടേയില്ല. ചോദ്യംചെയ്യലിനോടു സെബാസ്റ്റിയന്‍ സഹകരിക്കുന്നതുമില്ല. ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണ് ഇയാളുള്ളത്. അടുത്ത ദിവസം വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് പോലീസ്.