പത്തനംതിട്ട: വണ്ടിയാണെങ്കില്‍ അപകടമുണ്ടാകും. അപകടമുണ്ടായാല്‍ ഉണ്ടാക്കിയ ആളുടെ പേരില്‍ കേസും വരും. ഇതാണ് നാട്ടുനടപ്പെങ്കില്‍ തിരുവല്ലയില്‍ സംഭവിച്ചത് വണ്ടിയപകടത്തില്‍ പരിക്കേറ്റ ഇരയാണ് പോലീസ് കേസില്‍ പ്രതിയായിരിക്കുന്നത്. ഇങ്ങനെ സംഭവിച്ചതിന് ഒരു കാരണമേയുള്ളൂ, വണ്ടി പോലീസ് ആസ്ഥാനത്തെ എഐജിയുടേതാണ്. സ്വകാര്യ വാഹനമാണെങ്കിലും ഓടിച്ചിരുന്നത് പോലീസുകാരനായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പോലീസ് ആസ്ഥാനത്തെ എഐജിയായ വി ജി വിനോദ്കുമാര്‍ സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്കു വരികയായിരുന്നു. വണ്ടി ഓടിച്ചിരുന്നത് തിരുവനന്തപുരത്തു നിന്നുള്ള പോലീസുകാരന്‍. തിരുവല്ലയില്‍ വച്ച് ഈ കാര്‍ ഒരു അന്യസംസ്ഥാന തൊഴിലാളിയെ ഇടിക്കുന്നു. വഴിയിലൂടെ നടന്നു പോകുകയായിരുന്നു അയാള്‍. ഈ സാഹചര്യത്തില്‍ കാറിന്റെ ഡ്രൈവര്‍ കേസില്‍ പ്രതിയാകണമെങ്കില്‍ ഇവിടെ തിരുവല്ല പോലീസ് കേസ് ചാര്‍ജ് ചെയ്തത് അന്യസംസ്ഥാന തൊഴിലാളിക്കെതിരേ. ഉന്നത ഓഫീസര്‍മാരെയൊന്നും അറിയിക്കാതെ എഐജിയുടെയും ഡ്രൈവറായ പോലീസുകാരന്റെയും സ്വാധീനഫലമായി ഇര തന്നെ കേസില്‍ കുടുങ്ങുന്ന സാഹചര്യമാണുണ്ടായത്. ഇതുവഴി മോട്ടോര്‍ അക്‌സിഡന്റ് ക്ലെയിമായി എന്തെങ്കിലും തുക ഈ തൊഴിലാളിക്കു കിട്ടുന്ന സാഹചര്യം കൂടി ഇല്ലാതായി. ഇടിയും കിട്ടി, പരിക്കേറ്റ് ആശുപത്രിയിലുമായി, കേസില്‍ പ്രതിയാകുകയും ചെയ്തു. പത്തനംതിട്ട എസ്പി ഈ സമയം അവധിയിലായിരുന്നു. കഴിഞ്ഞ ദിവസം തിരികെയെത്തിയപ്പോഴാണ് ഈ കേസിന്റെ വിവരം അദ്ദേഹം അറിയുന്നത്. കടുത്ത അതൃപ്തി പ്രകടിപ്പിച്ച എസ്പി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
എഐജിയുടെ വണ്ടി വഴിയാത്രക്കാരനെ ഇടിച്ചപ്പോള്‍ പ്രതിയായതും ഇടികൊണ്ടയാള്‍
