വേടന്റെ വഴിയേ വലയുമായി പോലീസ്

കൊച്ചി: ബലാല്‍സംഗ കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ റാപ്പര്‍ വേടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഗായകന്‍ ഹിരണ്‍ദാസ് മുരളിക്കെതിരേ വലകള്‍ മുറുക്കി കൊച്ചി പോലീസ്. ഒരേ സമയം സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും അന്യ സംസ്ഥാനങ്ങളിലുള്‍പ്പെടെ തിരച്ചില്‍ നടത്തുകയുമാണിപ്പോള്‍. വേടന്‍ സംസ്ഥാനത്തിനു പുറത്തേക്കു കടന്നുവെന്നാണ് പോലീസിന്റെ അനുമാനം.
ഈ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ഹര്‍ജി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ലഭിക്കുന്നതിനായി ഓഗസ്റ്റ് പതിനെട്ടിലേക്കു മാറ്റി വച്ചിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഓഗസ്റ്റ് 18 വരെ കാത്തിരിക്കേണ്ടെന്ന തീരുമാനത്തിലാണ് പോലീസ്. ഹര്‍ജി ഇനി പരിഗണിക്കുന്ന ദിവസം പോലും മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്നുറപ്പുമില്ല.
ഡോക്ടറായ യുവതിയാണ് വേടനെതിരേ പരാതിയുമായി പോലീസിലെത്തിയത്. കോഴിക്കോടു വച്ചാണ് ആദ്യം വേടനെ പരിചയപ്പെട്ടതെന്നും വിവാഹ വാഗ്ദാനം നല്‍കി അന്നു മുതല്‍ പീഢിപ്പിക്കുന്നതായുമാണ് പരാതിയില്‍ പറയുന്നത്. കോഴിക്കോടുനിന്ന് യുവതി സ്ഥലംമാറി കൊച്ചിയിലെത്തിയെങ്കിലും പീഢനം തുടരുകയായിരുന്നു. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പീഢനം നടന്നത്. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നു പ്രതി പിന്‍മാറുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ തമ്മിലുള്ള ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു തങ്ങള്‍ക്കിടയിലെന്നാണ് വേടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. അതിനു ശേഷം ഇപ്പോള്‍ യുവതി തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹര്‍ജിയിലുണ്ട്.