സിഡ്‌നി: ന്യൂ സൗത്ത് വെയില്‍സില്‍ വന്‍ ലഹരിമരുന്നു വേട്ട. തെക്കു പടിഞ്ഞാറന്‍ എന്‍എസ്ഡബ്‌ള്യുവില്‍ വാഹനപരിശോധനയ്ക്കിടെ വന്‍തോതില്‍ ലഹരിവസ്തുക്കളുമായെത്തിയ വാഹനം പിടികൂടുകയായിരുന്നു. വാഹനം ഓടിക്കുകയായിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വാഹനത്തില്‍ നിന്ന് അഞ്ചു കിലോഗ്രാം മെത്താംമെറ്റഫിനും പതിനൊന്നു കിലോഗ്രാം കൊക്കെയ്‌നുമാണ് പിടികൂടിയത്. വിപണി വില അനുസരിച്ച് ഇതിന് ആറര കോടിയോളം ഡോളര്‍ വില വരും.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ഹൈവേ പട്രോള്‍ ടീം റിവറിന മേഖലയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു. പതിവ് ബ്രത്ത് ടെസ്റ്റും മയക്കുമരുന്ന് പരിശോധനയുമായിരുന്നു ഇവര്‍ ചെയ്തിരുന്നത്. അപ്പോള്‍ അതുവഴി വന്നൊരു വാഹനത്തിലെ ഡ്രൈവര്‍ മദ്യ പരിശോധനയില്‍ കുഴപ്പമൊന്നുമില്ലെന്നാണ് കണ്ടതെങ്കിലും ലഹരിമരുന്നു പരിശോധനയില്‍ നെഗറ്റീവ് കാണിക്കുകയായിരുന്നു. അയാളുടെ ദേഹപരിശോധനയില്‍ ചെറിയ അളവില്‍ കൊക്കെയ്‌നും പണവും കണ്ടെത്തി. അതോടെ വിശദമായ വാഹനപരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആ പരിശോധനയിലാണ് അഞ്ചു കിലോഗ്രാം മെത്താംഫെറ്റമിനും പതിനൊന്നു കിലോഗ്രാം കൊക്കെയ്‌നും കണ്ടെടുക്കുന്നത്. അതിനു പുറമെ പണമായി 130000 ഡോളറും ഇയാളുടെ പക്കലുണ്ടായിരുന്നു.

