പോലീസുകാരുടെ കൊലയാളിയുടെ തലയ്ക്ക് പത്തുലക്ഷം ഡോളര്‍ വില

മെല്‍ബണ്‍: രണ്ടു പോലീസുകാരെ വെടിവച്ചു കൊന്ന ശേഷം ഒളിവില്‍ പോയ ഡേസി ഫ്രീമാന്റെ തലയ്ക്ക് പത്തു ലക്ഷം ഡോളര്‍ വിലയിട്ട് വിക്ടോറിയ പോലീസ്. ഇയാളെ കണ്ടെത്താന്‍ സഹായകമായ കൃത്യമായ വിവരം നല്‍കുന്നവര്‍ക്കായിരിക്കും ഈ തുക നല്‍കുക. ഇന്നുവരെ വിക്ടോറിയയിലെ പോലീസ് ഒരാളുടെ പ്രഖ്യാപിച്ചിരിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിതെന്ന് കേസ് അന്വേഷിക്കുന്ന ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ഡീന്‍ തോമസ് അറിയിച്ചു.
ഓഗസ്റ്റ് 26ന് പോരേപുങ്കയില്‍ സമണ്‍സ് കൈമാറുന്നതിനായി ചെന്ന രണ്ടു പോലീസുകാരെയാണ് ഡേസി ഫ്രീമാന്‍ വെടിവച്ചു കൊന്നത്. അതിനു ശേഷം ഒളിവില്‍ പോയ ഫ്രീമാന്‍ അന്നു മുതല്‍ പോലീസിനെ വെട്ടിച്ചു കഴിയുകയാണ്. പോലീസാകട്ടെ സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് ഇയാളെ തിരഞ്ഞിട്ടും ഒരു തുമ്പും ലഭിക്കുന്നതുമില്ല. അഭയാര്‍ഥിയായി ഓസ്‌ട്രേലിയയിലെത്തിയ ഫ്രീമാന്‍ സോവറിന്‍ സിറ്റിസന്‍ എന്ന ആശയം പിന്തുടരുന്നയാളാണെന്ന് പോലീസ് സംശയിക്കുന്നു.
ഡെസ്മണ്ട് ഫില്‍ബി എന്നു കൂടി വിളിക്കപ്പെടുന്ന ഫ്രീമാന്‍ ഡിറ്റക്ടിവ് വിഭാഗത്തിലെ സീനിയര്‍ കോണ്‍സ്റ്റബിള്‍മാരായ നീല്‍ തോംപ്‌സനെയും വാഡിം ഡെ വാര്‍ട്ടിനെയുമാണ് കൊലപ്പെടുത്തിയത്. വെടിവയ്പില്‍ മറ്റൊരു കോണ്‍സ്റ്റബിളിനു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.