നേപ്പാളില്‍ യുവജനങ്ങള്‍ തെരുവില്‍, പോലീസ് വെടിവയ്പ്, 16 പേര്‍ കൊല്ലപ്പെട്ടു

കാഠ്മണ്ഡു: നേപ്പാളില്‍ ദേശീയസുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി 26 സാമൂഹികമാദ്ധ്യമങ്ങള്‍ നിരോധിച്ചതില്‍ രാജ്യമൊട്ടാകെ യുവജനങ്ങള്‍ നടത്തിയ പ്രതിഷേധത്തെ പോലീസ് നേരിട്ടത് നിറതോക്കുകൊണ്ട്. പ്രക്ഷോഭം അടിച്ചമര്‍ത്താനെന്ന പേരില്‍ നടത്തിയ വെടിവയ്പില്‍ പതിനാറു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍്ക്ക് പരിക്കേറ്റു. വെടിവയ്പുണ്ടായതോടെ സമാധാനപരമായി അതുവരെ നടന്ന പ്രതിഷേധം അക്രമത്തിലേക്കു വഴുതി മാറുകയും ചെയ്തു. അഴിമതിയും ദുര്‍ഭരണവും മറച്ചുവയ്ക്കാനാണ് സാമൂഹികമാദ്ധ്യമങ്ങള്‍ നിരോധിച്ചതെന്നാണ് യുവജനങ്ങളുടെ ആരോപണം. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവുള്‍പ്പെടെ പല നഗരങ്ങളിലും പ്രതിഷേധം കൊടുമ്പിരികൊള്ളുകയാണ്.
അഴിമതി അവസാനിപ്പിക്കുക, അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാതിരിക്കുക, സാമൂഹ്യമാദ്ധ്യമങ്ങള്‍ പുനഃസ്ഥാപിക്കുക, സ്വജനപക്ഷപാതം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉയര്‍ത്തുന്നത്. സമരക്കാര്‍ പാര്‍ലമെന്റ് മന്ദിരത്തിലേയ്ക്കുവരെ പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
അതേസമയം പ്രതിഷേധം ഏതുവിധേനയും അടിച്ചൊതുക്കാനാണ് നേപ്പാള്‍ സര്‍ക്കാരിന്റെ നീക്കം. ഇതിനായി അടിയന്തരയോഗം വിളിക്കുകയും കാഠ്മണ്ഡുവുള്‍പ്പെടെയുള്ള നഗരങ്ങളില്‍ പട്ടാളത്തെ ഇറക്കിയിരിക്കുകയുമാണിപ്പോള്‍. രാജ്യം കനത്ത സൈനിക കാവലിലേക്കു മാറിയിട്ടുണ്ട്.