അയ്യപ്പന്റെ പേരിലെ സംഗമപ്പോരില്‍ സംഘിപക്ഷത്തെ വിദ്വേഷപ്രസംഗം കേസായി

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിനു ബദലായി പന്തളത്തു നടന്ന ശബരിമല സംരക്ഷണ സംഗമത്തിലെ വിവാദ പ്രസംഗത്തിന്റെ പേരില്‍ ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദയ്‌ക്കെതിരേ വിദ്വേഷ പ്രസംഗത്തിനു കേസെടുത്ത് പോലീസ്. കോണ്‍ഗ്രസ് വക്താവ് വി ആര്‍ അനൂപ് നല്‍കിയ പരാതിയിലാണ് പന്തളം പോലീസ് കേസെടുത്തിരിക്കുന്നത്. ശബരിമല ഐതിഹ്യവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലെ വാവര്‍ക്കെതിരേ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി എന്ന പേരിലാണ് പരാതി നല്‍കിയതും പോലീസ് കേസെുടത്തിരിക്കുന്നതും. പന്തളം രാജകുടുംബാംഗവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ എ ആര്‍ പ്രദീപ് വര്‍മയും ഇതു സംബന്ധിച്ച് പോലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. അതിനു ശേഷമായിരിക്കും മറ്റു നടപടികളിലേക്കു കടക്കുക.