കൊച്ചി: റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളിക്കെതിരേ യുവതി ഉന്നയിച്ച പീഡനാരോപണം ശരിവച്ച് തൃക്കാക്കര പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ജൂലൈ 30ന് യുവതി നല്‍കിയിരുന്ന പരാതിയില്‍ രണ്ടു മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വേടന് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കുമ്പോള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ചൊദ്യം ചെയ്യലിന് വേടന് ഹാജരാകുകയും ചെയ്തിരുന്നു. കൃത്യമായ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അതിനു ശേഷം അറസ്റ്റ് ചെയ്തുവെങ്കിലും മുന്‍കൂര്‍ ജാമ്യമുണ്ടായിരുന്നതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു. ഇനി കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കും. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നായിരുന്നു യുവ ഡോക്ടറായ യുവതിയുടെ പരാതിയില്‍ ആരോപിച്ചിരുന്നത്. വിവാഹം ചെയ്യുമെന്ന ഉറപ്പു നല്കിയ ശേഷം വിവിധ സ്ഥലങ്ങളില്‍ വച്ച് തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്നും അതിനുശേഷം കൈയൊഴിഞ്ഞതോടെ മാനസിക നില തകരാറിലായെന്നും യുവതി ആരോപിച്ചിരുന്നു. ഏറെക്കാലം ചികിത്സയ്ക്കു വിധേയയായതിനു ശേഷമാണ് സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാനായതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
വേടനെതിരായ കഞ്ചാവ് കേസില്‍ ബുധനാഴ്ച ഹില്‍പാലസ് പോലീസും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വേടന് കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്നും കഞ്ചാവ് ഉപയോഗിക്കുന്ന സമയത്താണ് പിടികൂടിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അഞ്ചു മാസത്തെ അന്വേഷണത്തിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. രണ്ടു കുറ്റപത്രത്തിലും ഇനി തൃപ്പൂണിത്തുറ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് നടപടികള്‍ ആരംഭിക്കും.
വേടനു പോലീസിന്റെ വല, കഞ്ചാവ്, പീഡന കേസുകളില്‍ കുറ്റപത്രം കോടതിയില്‍

