മലപ്പുറം ജില്ലയില്‍ 119 അക്കൗണ്ടുകളില്‍ അന്വേഷണം, 43 പേര്‍ അറസ്റ്റില്‍, മ്യൂള്‍ അക്കൗണ്ടുകളുടെ ആസ്ഥാനമോ

മലപ്പുറം: സൈബര്‍ തട്ടിപ്പുകള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കും അവസരമൊരുക്കുന്നവരുടെ ആസ്ഥാനമായി മലപ്പുറം ജില്ല മാറുന്നുവോയെന്നു സംശയിക്കത്ത വിധത്തില്‍ മ്യൂള്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നു. മറ്റാരുടെയെങ്കിലും ഉപയോഗത്തിനായി വാടകയ്ക്കു നല്‍കുന്ന അക്കൗണ്ടുകളെയാണ് മ്യൂള്‍ അക്കൗണ്ടുകളെന്നു വിളിക്കുന്നത്. ഇത്തരക്കാര്‍ക്കായി നടത്തിയ അന്വേഷണത്തില്‍ മലപ്പുറം ജില്ലയില്‍ നിന്ന് അറസ്റ്റിലായത് 43 പേര്‍. ഇവരില്‍ 36 പേര്‍ അക്കൗണ്ട് ഉടമകളും ഏഴുപേര്‍ ഇടനിലക്കാരുമാണ്. സംഘടിത കുറ്റകൃത്യം തടയല്‍ ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മ്യൂള്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്കു പിന്നില്‍ കള്ളപ്പണ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്ന സൂചനയാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിനു ലഭിച്ചിട്ടുള്ളത്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള 39 ഉപകരണങ്ങള്‍ ഇവരില്‍ നിന്നു പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുന്നതിനാണ് പോലീസിന്റെ തീരുമാനം. ജില്ലയില്‍ സംശയാസ്പദമായി കണ്ടെത്തിയ 119 അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സൂചനകള്‍ അനുസരിച്ചാണെങ്കില്‍ ഇനിയും അറസ്റ്റുകള്‍ തുടരും. നിലവില്‍ പിടിയിലായ കേസുകളിലെ മ്യൂള്‍ അക്കൗണ്ടുകള്‍ വഴി 2.10 കോടി രൂപയുടെ ഇടപാടുകളാണ് ആറ് മാസത്തിനുള്ളില്‍ നടന്നിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *