സിഡ്‌നി: ഗ്രീന്‍സ് പാര്‍ട്ടിയുടെ മുന്‍ സ്ഥാനാര്‍ഥി ഹന്നാ തോമസിനെ മര്‍ദിച്ച കേസില്‍ കോടതി നടപടി നേരിടുന്ന പോലീസ് ഓഫീസര്‍ക്കെതിരേ വീണ്ടുമൊരു കേസ് കൂടി. അശ്രദ്ധമായ ഇടപെടലിലൂടെ മറ്റൊരു വ്യക്തിക്ക് ശാരീരിക ദ്രോഹമേല്‍പിച്ചതിന്റെ പേരിലാണ് പുതിയ കേസ് വന്നിരിക്കുന്നത്. ഇതില്‍ ബാങ്ക്‌സ്ടൗണ്‍ ലോക്കല്‍ കോടതിയില്‍ നവംബര്‍ 18നു ഹാജരാകാനാണ് നോട്ടീസ്.
ഹന്നാ തോമസിനു മര്‍ദനമേറ്റ കേസിലെ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിക്കെതിരേ ഗ്രെയ്ന്‍ഡ്‌ലര്‍ സീറ്റില്‍ മത്സരിച്ച സ്ഥാനാര്‍ഥിയായിരുന്നു തോമസ്. തെക്കു പടിഞ്ഞാറന്‍ സിഡ്‌നിയിലെ ബെല്‍മൂറിലെ എസ്ഇസി പ്ലേറ്റിങ്ങില്‍ ഒരു പ്രകടനത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെയായിരുന്നു അക്കൂടെയുണ്ടായിരുന്ന തോമസിനു മര്‍ദനമേല്‍ക്കുന്നത്. ഇതിന്റെ ഫലമായി തോമസിനു ഭാഗികമായി കാഴ്ചശക്തി നഷ്ടമാകുകയായിരുന്നു. മുഖത്തായിരുന്നു മര്‍ദനമേറ്റത്. തെക്കു പടിഞ്ഞാറന്‍ മെട്രോപ്പൊളിറ്റന്‍ റീജനില്‍ സ്‌പെഷല്‍ കമാന്‍ഡിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സീനിയര്‍ പോലീസ് കോണ്‍സ്റ്റബിളാണ് രണ്ടു കേസുകളിലും പ്രതിസ്ഥാനത്തുള്ളത്. മര്‍ദനമേറ്റ തോമസ് അതിനു ശേഷം പലതവണ ശസ്ത്രക്രിയകള്‍ക്കു വിധേയയാകേണ്ടി വന്നു.
രണ്ടാമതൊരു കേസില്‍ കൂടി പ്രതിസ്ഥാനത്തു വന്നതോടെ ഈ പോലീസ് കോണ്‍സ്റ്റബിളിന്റെ പണി തെറിക്കുന്ന സാഹചര്യമാണിപ്പോള്‍. ന്യൂ സൗത്ത് വെയില്‍സ് പ്രഫഷണല്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് കമാന്‍ഡാണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

