കോയമ്പത്തൂര്‍: നാടിനെ പിടിച്ചുകുലുക്കിയ പീഡന കേസിലെ പ്രതികളെ അതിസാഹസികമായി പോലീസ് പിടികൂടി. ശിവഗംഗൈ ജില്ലാ സ്വദേശികളായ കറുപ്പുസ്വാമി അഥവാ സതീശ് (30 വയസ്സ്), അയാളുടെ സഹോദരന്‍ കാളീശ്വരന്‍ അഥവാ കാര്‍ത്തിക് (21), ഇവരുടെ ബന്ധുവും മധുര സ്വദേശിയുമായ ഗുണ എന്നിവരാണ് പിടിയിലായത്. നൂറുപേരടങ്ങിയ വലിയ പോലീസ് സംഘം സംഭവസ്ഥലത്തെത്തി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും അധികം തെളിവുകള്‍ കണ്ടെത്താനായില്ല. എന്നാല്‍ സമീപത്തുള്ള മുന്നൂറോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രതികളെപ്പറ്റി കൂടുതല്‍ വിവരം ലഭിച്ചത്.
പത്തുവര്‍ഷത്തോളമായി കോയമ്പത്തൂരില്‍ താമസിച്ചുവരുന്നവരാണ് കറുപ്പുസ്വാമിയും കാളീശ്വരനും. ഈയിടെയാണ് ഇവരുടെ ബന്ധുവായ ഗുണ ഇവരോടൊപ്പം കൂടിയത്. ഇവരുടെമേല്‍ മുന്‍പുതന്നെ മോഷണവും കൊലപാതകവുമടക്കം പല കേസുകളും നിലവിലുണ്ട്. പോലീസ് തങ്ങളെ വളഞ്ഞെന്നു മനസ്സിലാക്കിയ മൂവര്‍സംഘം ആയുധമുപയോഗിച്ച് പോലീസുകാരെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിക്കവേയാണ് പോലീസുദ്യോഗസ്ഥര്‍ക്ക് വെടിവയ്‌ക്കേണ്ടതായി വന്നത്. കറുപ്പുസ്വാമിയുടെയും ഗുണയുടെയും ഇരുകാലുകള്‍ക്കും വെടിയേറ്റപ്പോള്‍ കാളീശ്വരന്റെ ഒരുകാലിനേ വെടിയേറ്റുള്ളു. ഇവരുടെ പീഡനത്തിനിരയായ യുവതിയുടെ മൊബൈല്‍ ഫോണും സ്വര്‍ണ്ണമോതിരവും പ്രതികളുടെ പക്കല്‍നിന്നു കണ്ടെടുക്കുകയും ചെയ്തു. കോയമ്പത്തൂരിലെ തുടിയലൂര്‍ എന്ന സ്ഥലത്തിനു സമീപമുള്ള വെള്ളക്കിണര്‍ എന്നയിടത്തുനിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. പ്രതികള്‍ ഒരു ഒഴിഞ്ഞപ്രദേശത്തു മദ്യപിച്ചുകൊണ്ടിരിക്കെ അവിടെത്തിയ യുവതിയെയും കാമുകനെയും ആക്രമിച്ചശേഷമാണ് അവര്‍ യുവതിയെ സംഘംചേര്‍ന്നു പീഡിപ്പിച്ചത്.
കോയമ്പത്തൂര്‍ ജില്ലാ പോലീസ് മേധാവി എ. ശരവണ സുന്ദര്‍ വിളിച്ച പത്രസമ്മേളനത്തിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

