ഒളിക്യാമറയുമായി യുവതിയുടെ പിന്നാലെ, പൈലറ്റിന്റെ സംതൃപ്തി അകത്തായി

ന്യൂഡല്‍ഹി: വിമാനമോടിക്കുന്നതിലല്ല പൈലറ്റിനു സംതൃപ്തി, രഹസ്യ ക്യാമറ ഉപയോഗിച്ചു യുവതികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിലാണ്. കഴിഞ്ഞ ദിവസം ഒരു യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് പിടികൂടിയ യുവ പൈലറ്റാണ് വിചിത്രമായ കുറ്റസമ്മത മൊഴി നല്‍കിയിരിക്കുന്നത്. സ്വകാര്യ സംതൃപ്തിക്കു വേണ്ടിയാണത്രേ പൊതു സ്ഥലങ്ങളില്‍ സ്ത്രീകളുടെ പിന്നാലെ കൂടി വീഡിയോ ചിത്രീകരിക്കുന്നത്. അനുവാദമില്ലാതെ യുവതിയുടെ വീഡിയോ ചിത്രീകരിച്ചതിന് ഇയാളെ പോലീസ് അകത്താക്കുകയും കൂടുതല്‍ അന്വേഷണം നടത്തുകയുമാണ്. പൈലറ്റില്‍ നിന്നും സിഗരറ്റ് ലൈറ്ററിന്റെ രൂപത്തിലുള്ള സ്‌പൈ ക്യാമറ പിടിച്ചെടുത്തിട്ടുണ്ട്.
ആഗ്രയിലെ സിവിള്‍ ലൈന്‍സ് ഏരിയയില്‍ താമസിക്കുന്ന അവിവാഹിതനായ മോഹിത് പ്രിയദര്‍ശി എന്ന സ്വാകാര്യ എയര്‍ലൈനിലെ പൈലറ്റിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഓഗസ്റ്റ് 30നാണു സംഭവം. കിഷന്‍ഗഡില്‍ താമസിക്കുന്ന യുവതി രാത്രി പത്തരയോടെ മാര്‍ക്കറ്റ് ഏരിയയില്‍ നില്‍ക്കുമ്പോഴാണ് ആരോ തന്നെ പിന്തുടരുന്നതായും ചിത്രമെടുക്കുന്നതായും യുവതിക്കു മനസിലാകുന്നത്. യുവതി ഉടന്‍ തന്നെ കിഷന്‍ഗഡ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലീസ് അന്വേഷണം തുടര്‍ന്നു കൊണ്ടിരുന്നു. ഇതിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ നിന്ന് ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് നിരീക്ഷണം ശക്തമാക്കിയപ്പോഴാണ് കഴിഞ്ഞ ദിവസം വീണ്ടും ഇയാളെ കണ്ടെത്തുന്നത്. കയ്യോടെ പൊക്കിയപ്പോഴാണ് തന്റെ സ്വകാര്യ സംതൃപ്തിയുടെ കാര്യം ഇയാള്‍ പറയുന്നത്. എന്തായാലും ബിഎന്‍എസ് 77 പ്രകാരം ആളിപ്പോള്‍ അകത്താണ്.