മെയില്‍ എഴുതുമ്പോഴും വീഡിയോ കണ്ടാലോ, ഇന്‍സ്റ്റ വലിയ മാറ്റത്തിനൊരുങ്ങുന്നു

കാലിഫോര്‍ണിയ: ടിക് ടോക്കിന്റെയും യൂട്യൂബിന്റെയുമൊക്കെ ചുവടു പിടിച്ച് ഇന്‍സ്റ്റഗ്രാമിലും പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ മെറ്റ തയാറെടുക്കുന്നു. ഇതിനായുള്ള നടപടികള്‍ പരീക്ഷണ ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഈ ഫീച്ചര്‍ വന്നു കഴിഞ്ഞാല്‍ മൊബൈലില്‍ ഏത് ആപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും പോപ്പ് അപ് വിന്‍ഡോ പോലെയൊരു രീതിയില്‍ ഇന്‍സറ്റയിലെ പരിപാടികള്‍ കാണുന്നതിനു സൗകര്യം ലഭിക്കും.
തിരക്കേറിയ ജീവിതം നയിക്കുന്നവര്‍ക്കും മറ്റ് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ളവര്‍ക്കും മള്‍ട്ടി ടാസ്‌കിങ്ങിന് അവസരമൊരുക്കുകയാണ് ഇതിലൂടെ ഇന്‍സ്റ്റഗ്രാം ഉദ്ദേശിക്കുന്നത്. ഇപ്പോഴുള്ള രീതിയില്‍ നീളമുള്ള ഒരു വീഡിയോയോ മറ്റോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു കാര്യവും നടപ്പില്ല. ഈ അവസ്ഥയാണ് പുതിയ ഫീച്ചര്‍ വരുന്നതോടെ ഇല്ലാതാകുക. ഉദാഹരണത്തിന് ഒരു ഇമെയില്‍ അയച്ചു കൊണ്ടിരിക്കുമ്പോഴും സ്‌ക്രീനിലെ ചെറിയൊരു വിന്‍ഡോയിലൂടെ വീഡിയോ തുടര്‍ന്നു കണ്ടുകൊണ്ടേയിരിക്കാം.
ഇത്തരമൊരു ഫീച്ചര്‍ ലഭ്യമാക്കുന്നതിനായി കുറേനാളായി ഉപയോക്താക്കള്‍ ആവശ്യമുന്നയിച്ചു വരികയായിരുന്നുവെന്ന് ഇന്‍സ്റ്റ തലവന്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇതിന്റെ ആഗോള ലോഞ്ച് വൈകാതെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.