മുംബൈയില്‍ നിന്നു ഫുക്കറ്റിലേക്ക് പറന്ന വിമാനത്തിന് ബോംബു ഭീഷണി, ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്

ചെന്നൈ: തായ്‌ലന്‍ഡിലെ ഫുക്കറ്റിലേക്ക് മുംബൈയില്‍ നിന്നു പറന്നുയര്‍ന്ന വിമാനത്തില്‍ ബോംബ് വച്ചിരിക്കുന്നെന്ന ഭീഷണിയെ തുടര്‍ന്ന് ചെന്നൈയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. 182 യാത്രക്കാരുമായി പറക്കുകയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 6 ഇ 1089 നമ്പര്‍ വിമാനത്തിനാണ് അടിയന്തര ലാന്‍ഡിങ് വേണ്ടിവന്നത്. വിമാനത്തിന്റെ വാഷ്‌റൂമില്‍ ബോംബ് വച്ചിരിക്കുന്നുവെന്നും യാത്രയ്ക്കിടയില്‍ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു മുംബൈ വിമാനത്താവളത്തിലേക്ക് അജ്ഞാതന്‍ ടെലിഫോണില്‍ അറിയിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
ഈ സമയം വിമാനം ചെന്നൈയുടെ വ്യോമപരിധിയിലായിരുന്നു. ഉടന്‍ തന്നെ ചെെൈന്നെ എയര്‍ കണ്‍ട്രോളില്‍ നിന്നു നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് അവിടെ വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ നിന്ന് ഒഴിപ്പിക്കുകയും ബോംബ് സ്‌കാഡ് വിമാനം മുഴുവന്‍ അരിച്ചുപെറുക്കുകയായിരുന്നു. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പൂര്‍ണ പരിശോധനയ്ക്കു ശേഷം വിമാനം തിരിക പറന്നപ്പോള്‍ പുലര്‍ച്ചെ മൂന്നരയായിരുന്നു. അതിനു ശേഷം സുരക്ഷിതമായി തായ്‌ലന്‍ഡില്‍ എത്തുകയും ചെയ്തു.