അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ പുറംചട്ടയിലെ ചിത്രത്തിന്റെ പേരില്‍ പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യഹര്‍ജി. അരുന്ധതിയുടെ ഏവും പുതിയ പുസ്തകമായ മദര്‍ മേരി കംസ് ടു മീയുടെ പുറംചട്ടയില്‍ ഇവര്‍ പുകവലിക്കുന്ന ചിത്രമാണുുള്ളത്. എന്നാല്‍ പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തിനൊപ്പം നിയമപ്രകാരമുള്ള മുന്നറിയിപ്പു കൂടി ചേര്‍ക്കണമെന്നാണ് ഇതു സംബന്ധമായ നിയമം അനുശാസിക്കുന്നത്. ഈ കവര്‍ ചിത്രം പുകവലിക്കുള്ള പരസ്യമായി മാറുമെന്നും അതിനാല്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ചേര്‍ക്കേണ്ടതായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
തന്റെ അമ്മ മേരി റോയ്യുമായുള്ള ആഴമേറിയതും എന്നാല്‍ പ്രക്ഷുബ്ധവുമായ ബന്ധത്തിന്റെ ഓര്‍മ്മപ്പുസ്തകവും ‘താനെങ്ങനെ താനായി’ എന്ന അടയാളപ്പെടുത്തലുമാണ് ഈ പുസ്തകം. പുസ്തകത്തിന്റെ ആമസോണ്‍ കവറില്‍ അരുന്ധതി റോയ് തന്നെ തന്റെ അമ്മയെപ്പറ്റി പറയുന്നത് ‘എന്റെ ജീവിതത്തിലെ ഉറച്ച പാറയും ഏറ്റവും വലിയ കൊടുങ്കാറ്റും’ എന്നാണ്.
എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജസിംഹനെന്ന വക്കീലിന്റേതാണ് പൊതുതാത്പര്യഹര്‍ജി. പുകവലിമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള നിയമപ്രകാരമുള്ള മുന്നറിയിപ്പുകളില്ലാതെ പുകവലിക്കുന്ന ചിത്രം പുറംചട്ടയില്‍ വച്ചതിന്റെ പേരിലാണ് പൊതുതാത്പര്യഹര്‍ജി. 2003ലെ Cigarettes and Other Tobacco Products (Prohibition of Advertisement and Regulation of Trade and Commerce, Production, Supply and Distribution) Act (COTPA) നിയമത്തിന്റെ ലംഘനമാണ് നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാതെ സിഗരറ്റോ പുകയിലയുത്പന്നങ്ങളോ പരസ്യം ചെയ്യുന്നതെന്നും, അരുന്ധതി റോയ്യെപ്പോലെ അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്നൊരു വ്യക്തി അങ്ങനെ പുറംചട്ട വച്ചത് സിഗരറ്റിന്റെ പരസ്യത്തിനു തുല്യമാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. അതുകൂടാതെ, സമൂഹത്തിനു മൊത്തത്തില്‍ ഇതുവഴി തെറ്റായൊരു സന്ദേശം നല്‍കുന്നതായും ഹര്‍ജിയില്‍ പറയുന്നു. ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളും സ്ത്രീകള്‍ പൊതുവിലും ഏറെ ആദരിക്കുന്ന അരുന്ധതി റോയ് പുകവലിയെ മഹത്വവത്കരിക്കുകയാണെന്നും, അതുവഴി പുകവലിയിലേയ്ക്കും മദ്യപാനത്തിലേയ്ക്കും അധികം കടന്നുചെല്ലാത്ത ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും തെറ്റായ മാതൃക നല്‍കുകയാണെന്നും, ബൗദ്ധികതയ്ക്കു പുകവലി അനിവാര്യമാണെന്ന തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ പുസ്തകത്തിന്റെ ഈ പുറംചട്ടയോടെ യുള്ളപ്രസിദ്ധീകരണവും വില്‍പ്പനയും പൊതുപ്രദര്‍ശനം പോലും നിരോധിക്കണമെന്നും മാര്‍ക്കെറ്റില്‍ ഇതുവരെയിറങ്ങിയ എല്ലാ കോപ്പിയും പിന്‍വലിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചിന്റെ പരിഗണനയിലുള്ള ഹര്‍ജി യില്‍, കോടതി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഏതെങ്കിലും ഏജന്‍സിയോ മറ്റുവഴികളോ നിലവിലുണ്ടോ എന്നു സെപ്റ്റംബര്‍ പതിനെട്ടാം തീയതി ചോദിച്ചു. ഹര്‍ജിയുടെ അടുത്ത വാദം സെപ്റ്റംബര്‍ 25ലേയ്ക്കു നിശ്ചയിച്ചിട്ടുണ്ട്.
പുകവലിച്ചിത്രം കവറില്‍, നിയമപ്രകാരമുള്ള മുന്നറിയിപ്പില്ല, അരുന്ധതിയുടെപുസ്തകം നിരോധിക്കണമെന്നു ഹര്‍ജി

