പാക് അധിനിവേശ കാശ്മീരില്‍ ജനകീയ പോരാട്ടം ശക്തമായി തുടരുന്നു, ഇന്നലെ 8 മരണം

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സര്‍ക്കാരിനെതിരേ പാക് അധിനിവേശ കാശ്മീരില്‍ ജനങ്ങളുടെ പ്രതിഷേധം മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. സംഘര്‍ഷത്തെ അടിച്ചമര്‍ത്താന്‍ രംഗത്തിറങ്ങിയ പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. ബാഖ് ജില്ലയിലെ ധിര്‍കോട്ടില്‍ നിന്നുള്ള നാലുപേരും മുസാഫറാബാദില്‍ നിന്നുള്ള രണ്ടു പേരും മിര്‍പൂര്‍ സ്വദേശികളായ രണ്ടു പേരുമാണ് ഇന്നലെ കൊല്ലപ്പെട്ടത്. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് പ്രക്ഷോഭപാതയിലുള്ളവരുടെ ആവശ്യം. ജോയിന്റ് അവാമി ആക്ഷന്‍ കൗണ്‍സിലാണ് പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നത്. അടിച്ചമര്‍ത്താന്‍ പട്ടാളവും സര്‍ക്കാരും സര്‍ക്കാന്‍ അനുകൂല സായുധ വിഭാഗങ്ങളും സംയുക്തമായാണ് നോക്കുന്നത്. എന്നാല്‍ ഇതിനൊത്ത് പ്രതിഷേധവും ശക്തമായിക്കൊണ്ടിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.