സിഡ്‌നി: ബാലികാ പീഢകനായ അധ്യാപകന്‍ വിദേശത്തേക്കു രക്ഷപെടാനുള്ള ശ്രമത്തിനിടെ സിഡ്‌നി വിമാനത്താവളത്തില്‍ പിടിയിലായി. പതിനഞ്ചു വയസുള്ളൊരു ബാലികയ്ക്കു പീഢനം ഏല്‍ക്കേണ്ടിവന്നതിനു നടത്തിയ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ തിരയുന്ന വ്യക്തി വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുകയാണെന്ന് ചൈല്‍ഡ് അബ്യൂസ് സ്‌ക്വാഡിലെ ഡിറ്റക്ടീവുകള്‍ക്കു വിവരം ലഭിക്കുന്നത്. അപ്പോള്‍ തന്നെ സിഡ്‌നി വിമാനത്താവളത്തിലേക്ക് ഡിറ്റക്ടീവുകള്‍ കുതിച്ചെത്തുകയും വിമാനം കയറുന്നതിന് ഒരുങ്ങിയിരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിക്ക് 42 വയസ് പ്രായമാണെന്നതിനപ്പുറം വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ച ലഭിച്ച പരാതിയില്‍ ഞായറാഴ്ച ഇയാളുടെ താമസസ്ഥലം റെയ്ഡ് ചെയ്തപ്പോള്‍ ഒരു കാറും ഏതാനും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിരുന്നു. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. റെയ്ഡിനിടെ ഇയാള്‍ പെര്‍ത്ത് വഴി ദക്ഷിണാഫ്രിക്കയിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുകയാണന്നു മനസിലാക്കിയാണ് പോലീസ് വിമാനത്താവളത്തിലെത്തിയത്. അവിടെ വച്ച് ഇയാളെ കൈയോടെ പൊക്കുകയുമായിരുന്നു. പതിനാലിനും പതിനാറിനും ഇടയില്‍ പ്രായമുള്ള ഏഴു പെണ്‍കുട്ടികളെ ഇയാള്‍ പിഢിപ്പിച്ചിരുന്നതായും പതിനാറു വയസില്‍ താഴെ പ്രായമുള്ള മൂന്നു പെണ്‍കുട്ടികളെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ ലൈംഗികമായ താല്‍പര്യങ്ങളോടെ ഒരു പെണ്‍കുട്ടിയെ ഇയാള്‍ ഏറ്റെടുത്തു വളര്‍ത്തുന്നുമുണ്ടായിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടിയെ ഈ മാസവും കഴിഞ്ഞ മാസവുമായി നിരവധി തവണ പീഢനത്തിനു വിധേയമാക്കിയതായും പോലീസ് വെളിപ്പെടുത്തി. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
കൗമാരക്കാരികളെ പീഢിപ്പിച്ച നാല്‍പ്പത്തിരണ്ടുകാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍
