ജറുസലേം: അമേരിക്കയുടെ മധ്യസ്ഥതയിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ ഇസ്രയേലും ഹമാസും ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തലിന്റെ പിറ്റേന്നുമുതല്‍ ഗാസയിലെ തെരുവുകളില്‍ ഹമാസിന്റെ സൈനികര്‍ മാര്‍ച്ച് നടത്തുന്നത് സ്ഥിരം കാഴ്ചയാണെങ്കിലും ഒറ്റുകാരെന്നു സംശയിക്കുന്നവരെ പരസ്യമായി വധിക്കുന്നതിലേക്കു വരെ കാര്യങ്ങള്‍ എത്തിയിരുന്നു. അവിടെ നിന്നും ഒരു പടികൂടി കടന്ന് ഇസ്രേലി സൈനികരെ ആക്രമിച്ചതായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഇതിനെതിരേ ഇസ്രയേലും തിരികെ ആക്രമണം അഴിച്ചു വിട്ടു.
തെക്കന്‍ ഗാസ മേഖലയിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഹമാസിന്റെ ആക്രമണം നേരിടേണ്ടതായി വന്നത് അവിടെയാണെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. എന്തു തരത്തിലുള്ള വെടിനിര്‍ത്തല്‍ ലംഘനവും ഹമാസിന്റെ ഭാഗത്തു നിന്നുണ്ടാകുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കാനുള്ള സ്വാതന്ത്ര്യം സൈന്യത്തിനു കൊടുത്തിട്ടുണ്ടെന്ന് ബഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. രണ്ടു ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അന്യോന്യമുള്ള ആക്രമണത്തിലേക്കു നയിച്ചതെന്നാണ് പറയപ്പെടുന്നത്. അതിനിടെ, അനിശ്ചിത കാലത്തേക്ക് റഫ ഇടനാഴി അടച്ചിടാന്‍ ഇസ്രയേല്‍ തീരുമാനിച്ചിരിക്കുകയാണ്.

