ജയിലെന്നു പേര്, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്തു നടക്കുന്നത് ഇങ്ങനെയുള്ള കാര്യങ്ങള്‍

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിനകത്ത് ഉദ്യോഗസ്ഥര്‍ വെറും നോക്കുകുത്തികളാണെന്നും സമാന്തര ഭരണ സംവിധാനം തന്നെ പ്രവര്‍ത്തിക്കുന്നതായും ജയിലിനകത്തേക്ക് ‘അവശ്യവസ്തു’ക്കള്‍ സപ്ലൈ ചെയ്തതിന് കഴിഞ്ഞ ദിവസം പിടിയിലായ യുവാവിന്റെ വെളിപ്പെടുത്തല്‍. ജയിലിനകത്തേക്ക് ലഹരി വസ്തുക്കള്‍ എറിഞ്ഞു കൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശിയായ യുവാവ് കഴിഞ്ഞ ഞായറാഴ്ചയാണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നത്.
ജയിലിനകത്ത് സമാന്തര ഭരണ വ്യവസ്ഥയും സമാന്തര സാമ്പത്തിക വ്യവസ്ഥയുമാണ് നിലവിലിരിക്കുന്നത്. ലഹരിയും പുകയും ഫോണുമെല്ലാം കരിഞ്ചന്തയില്‍ കിട്ടും. നല്ല പണം കൊടുക്കണമെന്നു മാത്രം. പുറംലോകത്തെ വിലയുമായി യാതൊരു ബന്ധവും ഇവയ്‌ക്കൊന്നും കാണില്ല. ഉദാഹരണത്തിന് കുപ്പിക്ക് 400 രൂപ മാത്രം മാഹിയില്‍ വില വരുന്ന മദ്യത്തിന് ജയിലിനകത്തെത്തിയാല്‍ നാലായിരം രൂപയായി വില ഉയരും. ഒരു കെട്ട് സാധാരണ ബീഡിക്ക് 200 രൂപയും കഞ്ചാവ് ചേര്‍ത്ത ബീഡിക്ക് 500 രൂപയും കൊടുക്കണം. ഇവയുടെ കടകള്‍ നടത്തുന്നതു പോലെ കച്ചവടം നിയന്ത്രിക്കുന്നത് കൊലക്കേസിലെ പ്രതികളും രാഷ്ട്രീയ തടവുകാരുമാണ്. അവരെ തടയാനോ നിയന്ത്രിക്കാനോ കഴിയാത്ത നോക്കുകുത്തികള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍.
ജയിലിനു പുറത്തു നിന്ന് അകത്തേക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനും വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ ഇക്കൂട്ടര്‍ വികസിപ്പിച്ചു കഴിഞ്ഞു. ജയിലിനകത്തേക്ക് ഒളിച്ചു കടത്തിയ ഫോണുകളിലൂടെ പുറത്തെ ഏജന്റുമാര്‍ക്ക് വിളിച്ച് ഓര്‍ഡര്‍ കൊടുക്കും. അവര്‍ സാധനങ്ങള്‍ സംഘടിപ്പിച്ച് ദേശീയ പാതയുടെ ഓരത്തുള്ള ജയില്‍ മതിലിനു പുറത്തു നിന്ന് നന്നായി പൊതിഞ്ഞ് അകത്തേക്ക് എറിഞ്ഞു കൊടുക്കും. എറിയുന്നതിനു മുമ്പ് അകത്തുള്ളവര്‍ക്ക് സൂചന കൊടുക്കാന്‍ ആദ്യം എറിയുന്നത് ചെറിയ കല്ലായിരിക്കും. ഇങ്ങനെ സാധനങ്ങള്‍ എത്തിക്കുന്നതിന് അവര്‍ക്ക് ആയിരം രൂപ മുതല്‍ രണ്ടായിരം രൂപ വരെ ജയിലിനു പുറത്ത് ഗൂഗിള്‍ പേ വഴി കൊടുക്കാന്‍ ആളുണ്ട്.
ജയിലിലെ ഇത്തരം ദാദാമാര്‍ക്ക് സാധാരണ അടുക്കളയിലെ സാധനങ്ങളൊന്നും വേണ്ട. സമാന്തര അടുക്കളകള്‍ വരെ ജയില്‍ വളപ്പിലുണ്ട്. അവിടെ വിറകും പാത്രങ്ങളുമുണ്ട്. പാചകം ചെയ്യാനുള്ള സാധനങ്ങളും പുറത്തുനിന്ന് ഏറ്‌കൊറിയര്‍ വഴി എത്തിക്കൊള്ളും. ക്യാമറകള്‍ ഒന്നും കാണാതെയിരിക്കാന്‍ അവയ്ക്കു മുന്നില്‍ സദാ തുണികള്‍ ഉണങ്ങാനെന്ന വ്യാജേന വിരിച്ചിരിക്കും. ഉദ്യോഗസ്ഥരാകട്ടെ ഇതൊക്കെ കണ്ടാലും അനങ്ങുകയുമില്ല.