പലസ്തീൻ അനുകൂല നിരോധിത ഗ്രൂപ്പിനു പിന്തുണ; 907 പേർ ലണ്ടനിൽ അറസ്റ്റിൽ

പലസ്തീൻ അനുകൂല പ്രവർത്തനങ്ങൾ നടത്തിയിരുന്ന പലസ്തീൻ ആക്ഷൻ എന്ന ഗ്രൂപ്പിൻ്റെ നിരോധനത്തേത്തുടർന്നു ലണ്ടനിൽ നടന്ന പ്രകടനത്തിൽ അറസ്റ്റിലായവരുടെ എണ്ണം 907 ആയി. ഭൂരിപക്ഷമാളുകളും നിരോധിക്കപ്പെട്ട സംഘടനയെ പിന്തുണച്ചുവെന്ന കാരണത്തിന് അറസ്റ്റിലായപ്പോൾ, 50 പേർ അറസ്റ്റുചെയ്യപ്പെട്ടത് പോലീസുദ്യോഗസ്ഥരെ ആക്രമിച്ചതിനും ക്രമസമാധാനലംഘനത്തിനുമാണ്.

പലസ്തീൻ ആക്ഷൻ ഗ്രൂപ്പിൻ്റെ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ആയിരത്തഞ്ഞൂറോളം പേരാണ് ശനിയാഴ്ച സെൻട്രൽ ലണ്ടനിലെ പാർലമെൻ്റ് സ്ക്വയറിൽ ഒരുമിച്ചത്. ഇവരിൽ 857 പേരെയാണ് നിരോധിതസംഘടനയെ പിന്തുണച്ചതിൻ്റെപേരിൽ അറസ്റ്റുചെയ്തത്. 17 പേരാണ് പോലീസുദ്യോഗസ്ഥരെ ആക്രമിച്ച കുറ്റത്തിന് അറസ്റ്റിലായവർ. 33 പേർ മറ്റു കുറ്റകൃത്യങ്ങളുടെപേരിലും അറസ്റ്റുവരിച്ചു. പ്രകടനത്തിന് അറസ്റ്റിലായവരുടെ എണ്ണത്തിൽ ശനിയാഴ്ച പുറത്തുവിട്ട 425 എന്നതിൽനിന്നു വലിയ കുതിച്ചുചാട്ടമാണ് നടന്നത്. മറ്റു കുറ്റകൃത്യങ്ങൾക്ക് അറസ്റ്റുചെയ്തവർ 25ൽ നിന്ന് 50ലേയ്ക്ക് ഉയർന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് പലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ തീവ്രവാദനിയമപ്രകാരം നിരോധിച്ചത്. ഒരു നിരോധിതസംഘടനയെ പിന്തുണയ്ക്കുന്നതോ അംഗത്വമെടുക്കുന്നതോ 14 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റകൃത്യമാണ്. പ്രതിഷേധപ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർത്തുകയും അക്രമങ്ങൾ നടത്തുകയും പോലീസിൻ്റെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുന്ന നടപടികളുണ്ടാവുകയും ചെയ്തെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.