പിടിയിലായ പാക് യുവാവിന്റെ ഇന്ത്യന്‍ പ്രണയജീവിതം, ട്വിസ്റ്റോടു ട്വിസ്റ്റ്

ഹൈദരാബാദ്: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തി രഹസ്യ ജീവിതം നയിക്കുന്നതിനിടെ ഇന്ത്യയില്‍ പ്രണയവും വിവാഹവും വീണ്ടും പ്രണയവുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഹൈദരാബാദില്‍ താമസിക്കുന്ന ഫഹദ്.
1998ലാണ് ഫഹദ് രഹസ്യമായി ഇന്ത്യയിലെത്തുന്നത്. താന്‍ പാക്കിസ്ഥാന്‍ പൗരനാണെന്ന കാര്യം മറച്ചുവച്ച് ഹൈദരാബാദില്‍ താമസിക്കുകയും അവിടെയുള്ള കീര്‍ത്തി എന്ന ഹിന്ദു യുവതിയുമായി പ്രണയത്തിലാകുകയും ചെയ്തു. എന്നാല്‍ വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന ഡിമാന്‍ഡായി അടുത്തത്. പൊരിഞ്ഞ പ്രണയത്തിലായിരുന്ന കീര്‍ത്തി മതം മാറി ദോഹ ഫാത്തിമയായി. അങ്ങനെ വിവാഹവും നടന്നു. ഒമ്പതു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
കാര്യങ്ങള്‍ ഇങ്ങനെ പോകുമ്പോള്‍ ഫഹദിന് ഓഫീസില്‍ സഹപ്രവര്‍ത്തകയായ മറ്റൊരു യുവതിയുമായി പ്രണയം. അധികം ഒളിച്ചു വയ്ക്കാനാവില്ലല്ലോ. കീര്‍ത്തിയും ഇക്കാര്യം അറിഞ്ഞു. ഭര്‍ത്താവിന്റെ മേല്‍ നിരീക്ഷണം ശക്തമാക്കിയപ്പോള്‍ സംഗതി സത്യമാണെന്നുമറിഞ്ഞു. ഈ നിരീക്ഷണത്തിനിടെയാണ് തന്റെ ഭര്‍ത്താവ് പാക് പൗരനാണെന്നും പാക്കിസ്ഥാനിലെ പാസ്‌പോര്‍ട്ട് ഇപ്പോഴും കൈവശത്തിലുണ്ടെന്നും ഇവരറിയുന്നത്. പോരെങ്കില്‍ അതു പുതുക്കാനും മറ്റും അതീവ രഹസ്യമായി ഡല്‍ഹിയില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഓഫീസില്‍ പോകാറുമുണ്ട്.
ഇത്രയുമായപ്പോള്‍ പോലീസില്‍ പരാതിയുമായി പോകാന്‍ തന്നെ ഇവര്‍ തീരുമാനിച്ചു. കാര്യങ്ങളൊക്കെ വാസ്തവമെന്ന് പോലീസിന്റെ അന്വേഷണത്തിലും വ്യക്തമായതോടെ കാമുകീകാമുകന്‍മാര്‍ കുടുങ്ങി. രണ്ടു പേരെയും പോലീസ് പൊക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനം, വിശ്വാസ വഞ്ചന തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഫഹദിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു.