പാക്കിസ്ഥാന് ചൈനയില്‍ നിന്ന് എട്ട് അന്തര്‍വാഹിനികള്‍, ആദ്യത്തേത് അടുത്ത വര്‍ഷം, കടലില്‍ കരുത്തു കാട്ടുക ലക്ഷ്യം

ബെയ്ജിങ്: ഇന്ത്യയുടെ മുന്നില്‍ കരുത്തു കാണിക്കാന്‍ ചൈനീസ് അന്തര്‍വാഹിനികള്‍ സ്വന്തമാക്കി പാക്കിസ്ഥാന്‍. എട്ടു ഹാംഗര്‍ ക്ലാസ് അന്തര്‍വാഹിനികളാണ് പാക്കിസ്ഥാന്‍ ചൈനയില്‍ നിന്നു വാങ്ങുന്നത്. അഞ്ചു ബില്യണ്‍ ഡോളറിന്റെ പ്രതിരോധ ആയുധ വ്യാപാര കരാറാണ് ഇക്കാര്യത്തില്‍ ചൈനയുമായി പാക്കിസ്ഥാന്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ ആദ്യത്തെ അന്തര്‍വാഹിനി അടുത്ത വര്‍ഷം പാക്കിസ്ഥാന്റെ കൈകളിലെത്തുമെന്ന് പാക് അഡ്മിറല്‍ നവീദ് അഷറഫ് വെളിപ്പെടുത്തുന്നു.

വടക്കന്‍ അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും പട്രോളിങ് നടത്താനായിരിക്കും പാക്കിസ്ഥാന്‍ ചൈനീസ് അന്തര്‍വാഹിനികള്‍ ഉപയോഗിക്കുക എന്നാണ് കണക്കാക്കുന്നത്. ഇന്ത്യയുമായി കടുത്ത ശത്രുതയിലേക്ക് പാക്കിസ്ഥാന്‍ പോകുകയും സൗദിയുമായി പ്രതിരോധ സഹകരണ കരാര്‍ ഒപ്പിടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ചങ്ങാതിയുടെ മുന്നില്‍ സ്വന്തം കരുത്ത് വെളിപ്പെടുത്തന്നതിനും ഈ അന്തര്‍വാഹിനികള്‍ പാക്കിസ്ഥാനെ സഹായിക്കുമെന്നാണ് കരുതുന്നത്.

കരാറിന്റെ നിബന്ധന പ്രകാരം ആദ്യത്തെ നാല് ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികള്‍ ചൈനയിലായിരിക്കും നിര്‍മിക്കുക. ശേഷിക്കുന്നവ പാക്കിസ്ഥാനില്‍ തന്നെ നിര്‍മിക്കുന്നതിന് ചൈന സാങ്കേതിക വിദ്യ കൈമാറുമെന്നാണ് അറിയുന്നത്. കാലങ്ങളായി ചൈനയുടെ ഏറ്റവും വലിയ ആയുധ ഉപഭോക്താവാണ് പാക്കിസ്ഥാന്‍.

Leave a Reply

Your email address will not be published. Required fields are marked *