ദേശസുരക്ഷാ വിഷയങ്ങളില്‍ ഒരു രാജ്യമെന്നപോലെ നില്‍ക്കാന്‍ തീരുമാനിച്ച് പാക്കിസ്ഥാനും സൗദി അറേബ്യയും

റിയാദ്: സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മില്‍ സംയുക്ത സൈനിക പ്രതിരോധ കരാര്‍ ഒപ്പു വച്ചു. ഇതനുസരിച്ച് ദേശസുരക്ഷയും സൈനിക പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരു രാഷ്ട്രങ്ങളും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കും. ഒരു രാഷ്ട്രത്തിനെതിരേ നടക്കുന്ന ഏതൊരു സൈനിക നീക്കവും ഇരുരാഷ്ട്രങ്ങള്‍ക്കുമെതിരേയുള്ളതെന്ന നിലയിലായിരിക്കും കൈകാര്യം ചെയ്യുക. കരാറില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹഹാസ് ഷെരീഫും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമാണ് ഒപ്പുവച്ചിരിക്കുന്നത്. കരാറിന്റെ വിശദാംശങ്ങള്‍ ഇതുവരെ രണ്ടു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.
പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ വച്ച് ഇരു രാഷ്ട്രങ്ങളുടെയും സുരക്ഷിതത്വവും മേഖലയിലെ സമാധാനവും ഉറപ്പു വരുത്തേണ്ടത് രണ്ടു രാജ്യങ്ങളുടെയും പൊതുവായ ഉത്തരവാദിത്വമായിരിക്കും. രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രതിരോധ സഹകരണം ഉറപ്പുവരുത്തുന്നതിനു പുറമെ ഏതെങ്കിലുമൊരു രാജ്യത്തിനെതിരേ പുറമേ നിന്ന് കടന്നുകയറ്റമുണ്ടായാല്‍ രണ്ടു രാജ്യങ്ങളും ചേര്‍ന്നായിരിക്കും ചെറുക്കുക. യഥാര്‍ഥത്തില്‍ ഇത്തരമൊരു സൈനിക സഹകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കുറേക്കാലമായി നടന്നുകൊണ്ടിരിക്കുകയായിരുന്നെങ്കിലും ഖത്തറിനു നേരേ ഇസ്രയേലിന്റെ ആക്രമണമുണ്ടായതിന്റെ വെളിച്ചത്തിലാണ് അതിവേഗം കരാറിനെ അന്തിമരൂപത്തിലേക്കെത്തിച്ചതും ഒപ്പിട്ടതുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സൗദിയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ കാര്യങ്ങള്‍ രണ്ടെണ്ണമാണ്. ഒന്നാമതായി ഇസ്രയേലിന്റെ ആക്രമണോത്സുകമായ മനോഭാവവും രണ്ടാമതായി അമേരിക്കയുടെ സഹകരണത്തില്‍ വരുന്ന പി്ന്‍വാങ്ങലും. ഈ സാഹചര്യത്തിലാണ് ആണവശക്തി സ്വന്തമായുള്ളൊരു രാജ്യവുമായി സൈനിക സഹകരണത്തിലെത്താന്‍ അവര്‍ തയ്യാറായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ആദ്യമായാണ് ഏതെങ്കിലുമൊരു അറബി രാജ്യം ഒരു ആണവ ശക്തിരാജ്യവുമായി സൈനിക കരാറിലേര്‍പ്പെടുന്നത്.
അതേസമയം വളരെ സൂക്ഷ്മതയോടെയാണ് ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ പ്രതികരണം. വളരെക്കാലമായി ഇത്തരമൊരു സഹകരണത്തിന്റെ സാധ്യത രണ്ടു രാജ്യങ്ങളും തേടിക്കൊണ്ടിരിക്കുകയായിരുന്നെന്ന കാര്യം ഇന്ത്യയ്ക്കറിയാമായിരുന്നു എന്നാണ് ഇതുസംബന്ധിച്ച് ഇന്ത്യയുടെ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചത്.