കാബൂള്‍: ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നു. ശനിയാഴ്ച ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പു വച്ചത്. ചര്‍ച്ചയ്ക്ക് ഖത്തറും തുര്‍ക്കിയും മധ്യസ്ഥത വഹിച്ചെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്ഥിരമായ വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ തുടരും.
പാക്കിസ്ഥാന്റെ സംഘത്തില്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും ഇന്റലിജന്‍സ് മേധാവി ജനറല്‍ അസിം മാലിക്കുമടക്കമുള്ള ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്. താലിബാന്‍ സംഘത്തില്‍ പ്രതിരോധ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് ഉള്‍പ്പെടെയുള്ളവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഈ മാസം 25ന് തുര്‍ക്കിയിലെ ഈസ്താംബൂളില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ വീണ്ടും ചര്‍ച്ചകള്‍ക്കായി എത്തുന്നുണ്ട്. സ്ഥിരമായ വെടിനിര്‍ത്തലിന് അപ്പോള്‍ തീരുമാനമാകുമെന്നു പ്രതീക്ഷിക്കുന്നു.

