കൊളംബോ: ഒക്ടോബര്‍ അഞ്ചിന് കൊളംബോയില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ വനിതാ ലോകകപ്പ് മത്സരത്തിനിടെ ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ ഒന്ന് ലംഘിച്ചതിന് പാക്കിസ്ഥാന്‍ ബാറ്റര്‍ സിദ്ര അമീന് ഔദ്യോഗിക ശാസന ലഭിച്ചു. ഔട്ടായതിന്റെ നിരാശയില്‍ അമീന്‍ പിച്ചില്‍ തന്റെ ബാറ്റുകൊണ്ട് ശക്തമായി അടിക്കുകയാണ് ചെയ്തത്. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം ശിക്ഷാര്‍ഹമായ കാര്യമാണ്. മാച്ച് അമ്പയറും ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരും കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് അമീന്‍ കുറ്റം സമ്മതിക്കുകയും മാച്ച് റഫറി നിര്‍ദേശിച്ച ശിക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. ശാസനയ്‌ക്കൊപ്പം അമീന് ഒരു ഡീമെറിറ്റ് പോയിന്റും നല്‍കുകയുണ്ടായി. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 88 റണ്‍സിന്റെ വിജയമാണ് നേടിയത്.
പാക്കിസ്ഥാന്‍ ഇന്നിങ്‌സിന്റെ നാല്‍പതാം ഓവറില്‍ സ്‌നേഹ് റാണയുടെ ബോളില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് ക്യാച്ചെടുത്തതിനെ തുടര്‍ന്നാണ് അമീന്‍ പുറത്തായത്. നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കെയായിരുന്നു പുറത്താകല്‍. കളിക്കാരോ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമോ ക്രിക്കറ്റ് ഉപകരണങ്ങളെയോ വസ്ത്രങ്ങളെയെ ഗ്രൗണ്ട് ഉപകരണങ്ങളെയോ ആനാദരിക്കാന്‍ പാടില്ല എന്നതാണ് ഇക്കാര്യത്തിലുള്ള നിയമം. ഇതിന്റെ ലംഘനമാണ് അമീന്‍ നടത്തിയിരിക്കുന്നതെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ.
ക്രിക്കറ്റ് ബാറ്റിനോട് അനാദരം പാക് ബാറ്റര്‍ സിദ്ര അമീന് ശാസന, ഡീമെറിറ്റ് പോയിന്റ്

