നമ്മുടെ നൈറ്റി സൂപ്പറാ. ഇതിന്നു വേറൊരു ലെവലാണ് കേട്ടോ

വീട്ടമ്മ എന്നൊരു വാക്ക് എവിടെ കേട്ടാലും അതിനൊപ്പം മനസിന്റെ ഫ്രണ്ട് ഡോര്‍ തുറന്നെത്തുന്ന വേഷം ഒന്നു മാത്രമേയുള്ളൂ. അതാണ് നൈറ്റി. ന്യൂജെന്‍ വീട്ടമ്മമാര്‍ക്കും 2 കെ കുഞ്ഞുങ്ങള്‍ക്കുമൊക്കെ വീട്ടിലിടുന്ന ഉടുപ്പുകള്‍ എന്നാല്‍ ഇന്നതേ ആകാവൂ എന്നൊന്നുമില്ല, എന്നാലും നൈറ്റീ… വിട്ടുകൊടുക്കേണ്ട. കാരണം ഒന്നു മാത്രം നൈറ്റി വേറൊരു ലെവലാണ്. ഇപ്പറയുന്ന ഫാഷനബിള്‍ കുട്ടിവീട്ടമ്മമാര്‍ പോലും വയറ്റിലുണ്ടായോന്നു സംശയിക്കുന്ന നാള്‍ മുതല്‍ തന്നെ നൈറ്റിയിലേക്കു ചുവടു മാറും. നിറവയര്‍ മുതല്‍ എന്തും മറയ്ക്കാന്‍ ഒരു നൈറ്റി മതി. മൊബൈല്‍ ഫോണ്‍ മുതല്‍ ഒരുമാതിരി ലൊട്ടുലൊടുക്ക് ഒക്കെ സൂക്ഷിക്കാന്‍ നൈറ്റിയുടെ പോക്കറ്റ് മതി. ആയാസരഹിതമായും മറയേണ്ടതൊക്കെ മറച്ചും ഉറങ്ങാനും നൈറ്റിയല്ലോ ബെസ്റ്റ്. അദ്ദാണ് നമ്മുടെ നൈറ്റി.
എന്തുകൊണ്ട് നൈറ്റി? ഈ ചോദ്യം സ്ഥിരം നൈറ്റിക്കാരിയായ ഏതെങ്കിലുമൊരു സ്ത്രീയോട ചോദിച്ചു നോക്കൂ. രൊക്കമേ വരും ഉത്തരം. ഇതിലും സൗകര്യമുള്ള വേഷം വേറൊന്നില്ല. അതുകൊണ്ട് എനിക്കു നൈറ്റി മതിയേ. അപ്പറഞ്ഞതിലെ വാസ്തവത്തിനു നൂറില്‍ നൂറു മാര്‍ക്ക്. എടുക്കുക, നിവര്‍ക്കുക, തലവഴി ശഠോന്ന് വലിച്ചു താഴേക്കിടുക. ദാ നൈറ്റി ധരിച്ചു കഴിഞ്ഞു. ഇതിനു പകരം ചുരിദാറോ ടീഷര്‍ട്ടോ ഒക്കെയാണെന്നു വയ്ക്കുക. ചുരുങ്ങിയ പക്ഷം രണ്ടു പീസ് വസ്ത്രമെങ്കിലും വലിച്ചു കയറ്റണം. ഒരു പീസ് കാലിലൂടെ മുകളിലേക്കെങ്കില്‍ മറ്റൊരു പീസ് തല വഴി താഴേക്ക്. ഇതു രണ്ടും ബദ്ധപ്പെട്ട് ചാര്‍ത്തുന്ന സമയം കൊണ്ട് നൈറ്റിക്കാരി അടുത്ത പണിയിലേക്ക് വണ്ടി പിടിച്ചിരിക്കും.
എന്നും ടൂ പീസ് അല്ലെങ്കില്‍ ടീ വിത്ത് സ്‌കര്‍ട്ടില്‍ തിളങ്ങി മാത്രം കണ്ടുശീലിച്ചൊരു പഴയ സഹപാഠിയെ അടുത്തയിടെ കണ്ടു. കോളിങ് ബെല്‍ കേട്ട് വാതില്‍ തുറന്നത് അവളാണെന്നു വിശ്വസിക്കാന്‍ പ്രയാസം. ടൂ പീസുമില്ല, ടീയുമില്ല. പകരം വന്നത് നല്ല മെറൂണ്‍ കളറില്‍ അനാര്‍ക്കലി കട്ടില്‍ ഇടിവെട്ട് നൈറ്റിയിലൊരാള്‍. എന്തേ ഇങ്ങനെയൊരു മാറ്റം-ചോദ്യം. അതേ ഈ നൈറ്റിയിട്ടപ്പോ ഞാനൊന്നു ഫ്രീയായി. അരവണ്ണം കൂടിയതും പിന്നാമ്പുറത്തെ ടയറുമൊന്നും ഈ നൈറ്റിക്കുള്ളിലാകുമ്പോള്‍ എത്ര സുരക്ഷിതം-ഉത്തരം.
ഇന്നിപ്പോള്‍ നൈറ്റികളിലും ഡിസൈനര്‍ യുഗമാണ്. കൊച്ചി പഴയ കൊച്ചിയല്ലെന്നു പറയുന്നതു പോലെ നൈറ്റി പഴയ നൈറ്റിയല്ല. എന്നാല്‍ ബിലാല്‍ പഴയ ബിലാല്‍ തന്നെ എന്നു പറയുന്നതു പോലെ നൈറ്റിയെന്ന പേരിനു മാത്രം മാറ്റമൊന്നും വന്നിട്ടില്ല. നൈറ്റിയെന്ന വാക്കിനു തന്നെ ഒരു രാത്രി ടച്ച് ഉണ്ടെന്നു പറഞ്ഞത് വേറൊരു ചങ്ങാതി. അപ്പറഞ്ഞതും തികച്ചും ശരി. നൈറ്റിയെന്ന വാക്കിന്റെ ഉത്ഭവം തന്നെ നൈറ്റ് എന്ന വാക്കില്‍ നിന്നാണ്. രാത്രിയില്‍ സ്ത്രീകള്‍ക്കു ധരിക്കാനുള്ള വേഷം അതാണ് നൈറ്റി. കാര്യം ഉത്ഭവം അങ്ങനെയാണെങ്കിലും ഇംഗ്ലീഷിലെ മറ്റു പല വാക്കുകളും പോലെ നൈറ്റിക്കും ഉത്ഭവവും ഇന്നത്തെ ഉപയോഗവും തമ്മിലെന്തു ബന്ധം. എംടിയുടെ രണ്ടാമൂഴത്തില്‍ ദുര്യോധനന്‍ ധര്‍മപുത്രരോട് കര്‍ണന്റെ ജനനത്തെ കുറിച്ച് പറയുന്നൊരു വാചകമിങ്ങനെ. മഹാനദികളുടെയും മഹാപുരുഷന്‍മാരുടെയും ഉത്ഭവത്തെക്കുറിച്ച് ആരാണ് അന്വേഷിക്കുക. അതു തന്നെയാണ് നൈറ്റിയുടെയും വാസ്തവം. ഇതിന്റെ ഉത്ഭവം ബെഡ് റൂമിലും രാത്രിയിലുമാണെന്ന് ഇന്ന് ഇതു ധരിച്ചുകൊണ്ട് സകല ലോകസഞ്ചാരവും നടത്തുന്ന ആരു ചിന്തിക്കുക.
പിന്‍കുറി: ഒരു ദാമ്പത്യശാസ്ത്ര ഗ്രന്ഥത്തില്‍ പറയുന്നതു പോലെ. നേര്‍മയുള്ളൊരു നൈറ്റി നിങ്ങളുടെ വാര്‍ഡ്‌റോബില്‍ സൂക്ഷിച്ചേക്കുക. ഓരോ രാത്രിയിലും വെറും തറയില്‍ അഴിഞ്ഞു വീഴാനുള്ളതാണ് അതെന്ന കൃത്യമായ ധാരണയോടെ.