സിഡ്‌നി: ചിങ്ങം എത്തുന്നതിനു മുമ്പ് ഓണത്തെക്കുറിച്ച് കേരളത്തില്‍ ചിന്തിക്കാന്‍ കഴിയില്ലെങ്കിലും പ്രവാസ ലോകത്ത് അങ്ങനെയല്ല. ഓസ്‌ട്രേലിയയിലെത്തിയാല്‍ കര്‍ക്കിടകത്തില്‍ തന്നെ ഓണത്തിന്റെ വൈബിലാകുകയാണ് എല്ലാവരും. ഇതിനു മാറ്റുകൂട്ടിക്കൊണ്ട് ഓരോരോ സ്ഥലങ്ങളിലായി ഓണാഘോഷവും തുടങ്ങും. കര്‍ക്കിടകത്തില്‍ തുടങ്ങുന്ന ആഘോഷം ചിങ്ങം തീര്‍ന്നാലും തീരണമെന്നില്ല. അതാണ് നാട്ടിലെ ഓണത്തിന്റെ നൊസ്റ്റാള്‍ജിയയുമായി ഒത്തുകൂടുന്ന പ്രവാസലോകത്തെ ഓണത്തിന്റെ പ്രത്യേകത.
നാട്ടിലെ ഓണത്തിന്റെ എല്ലാ തിമിര്‍പ്പും മേളവും കൂട്ടായ്മയുമൊക്കെ മറുനാട്ടിലെ ഓണത്തിനുമുണ്ടാകും. കലാപരിപാടികള്‍ നീണ്ടുപോകുന്നതും സാധാരണം. നാട്ടില്‍ നിന്നു വ്യത്യസ്ത മേഖലകളിലെ കലാകാരന്‍മാര്‍ ഓണക്കാലമായാല്‍ പ്രവാസലോകത്തേക്ക് തങ്ങളുടെ കഴിവുകള്‍ ഷോകേസ് ചെയ്യാനുള്ള ഒരുക്കങ്ങളുമായെത്തും. പലരും കുടുംബങ്ങളെ പോലും കൂട്ടിക്കൊയിരിക്കും എത്തുക. ആട്ടവും പാട്ടും മത്സരങ്ങളും കായിക വിനോദങ്ങളും എല്ലാം തികഞ്ഞ സദ്യയുമൊക്കെ മറുനാടന്‍ ഓണത്തിന്റെ പ്രത്യേകതയാണ്. നാട്ടില്‍ എന്തൊക്കെയുണ്ടോ അതു മുഴുവന്‍ അശേഷം മാറ്റുകുറയാതെ ഓരോ മലയാളിയും മറുനാട്ടിലുമൊരുക്കുന്നു.
ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയുമൊക്കെ നേതൃത്വത്തിലുള്ള ആഘോഷം ഒരു വശത്തു നടക്കുമ്പോള്‍ വീടുകളിലുള്ള ആഘോഷത്തില്‍ ഒരു കുറവും വരുന്നതേയില്ല. അതുപോലെ വീട്ടിലെ ഓണത്തിന്റെ പേരില്‍ കൂട്ടായ ഓണാഘോഷത്തിലും കുറവു വരാറില്ല. നൃത്തരൂപങ്ങളും മത്സരങ്ങളും സദ്യയുമൊക്കെ മലയാളികള്‍ മാത്രമല്ല, മറ്റു പ്രവാസി കൂട്ടായ്മകളും വിദേശികളുമൊക്കെ തങ്ങളുടെ സാന്നിധ്യവും സഹകരണവും കൊണ്ടു കേമമാക്കാറുണ്ട്.
അങ്ങനെയൊരു ഓണക്കാലം കൂടി വന്നണഞ്ഞിരിക്കുന്നു. മറുനാട്ടില്‍ ഓണപ്പാട്ടും ഓണക്കളികളും സദ്യയുടെ ഹൃദയഹാരിയായ ഗന്ധവുമൊക്കെ നിറയുന്ന നാളുകള്‍ വരവായി. ഓസ്‌ട്രേലിയയിലെ മറ്റു സ്‌റ്റേറ്റുകള്‍ പോലെ എന്‍എസ്ഡബ്ല്യുവും മറ്റു നഗരങ്ങള്‍ പോലെ സിഡ്‌നിയും തയാറെടുത്തിരിക്കുന്നു ഓണക്കാലത്തെ വരവേല്‍ക്കുന്നതിന്.
ഒത്തിരി നേരത്തെ, തീരാതെ തീരാതെ മറുനാടനോണം
