നോക്കിയിരുന്ന അവയവം കിട്ടണമെങ്കില്‍ മരിച്ചെന്നൊരു വാക്ക് പറയണ്ടേ, എന്തൊരു വീഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ മാറ്റ ശസ്ത്രക്രിയകളുടെ വഴിയില്‍ വന്‍തടസം. അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ അവസരം കാത്തിരിക്കുന്നത് 2832 അപേക്ഷകരാണ്. അവയവം കിട്ടാന്‍ സാധ്യതയുണ്ടെങ്കില്‍ കൂടി കിട്ടുന്നതിനുള്ള നടപടികളാണ് പ്രശ്‌നമായിരിക്കുന്നത്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് കാര്യക്ഷമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി അണിയറയില്‍ തന്നെ പൊളിച്ചടുക്കിയതോടെയാണ് ഇങ്ങനെയൊരു സ്ഥിതിവിശേഷം രൂപപ്പെട്ടത്.
അവയവ മാറ്റ നടപടികള്‍ കൃത്യവും സുതാര്യവുമാക്കാനും വേഗത കൈവരിക്കാനുമാണ് സര്‍ക്കാരിന്റെ പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലെ തിരഞ്ഞെടുത്ത ഡോക്ടര്‍മാരെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യര്‍മെന്റ് മാനേജര്‍മാരായി നിശ്ചയിച്ചിരുന്നു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലാണ് ഇത്തരത്തില്‍ മാനേജര്‍മാര്‍ നിയമിതരായിരുന്നത്. അനസ്‌തേഷ്യ, ന്യൂറോളജി എന്നീ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് അല്ലെങ്കില്‍ അസോസിയേറ്റ് പ്രഫസര്‍മാരായിരുന്നു എല്ലാവരും. ഇവര്‍ക്ക് പുതിയ ഉത്തരവാദിത്വം നിറവേറ്റാന്‍ പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. സ്‌പെയിനില്‍ നിന്നാണ് പരിശീലകരായ വിദഗ്ധര്‍ എത്തിയത്. തിരഞ്ഞെടുത്ത ചിലരെ സര്‍ക്കാര്‍ ചെലവില്‍ സ്‌പെയിനിലയച്ച് അധിക പരിശീലനം നല്‍കുകയും ചെയ്തതാണ്. 2019ലാണ് ഇത്രയും കാര്യങ്ങള്‍ പൂര്‍ത്തിയായത്.
പരിശീലനം കിട്ടിയ ഡോക്ടര്‍മാര്‍ കെ. സോട്ടോയുമായി സഹകരിച്ച് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് ഊര്‍ജിതവും കാര്യക്ഷമവുമാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇക്കാര്യം മാത്രം നടപ്പിലായില്ല. അതു കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവരാരും ശ്രമിച്ചതുമില്ല. അതാണിപ്പോള്‍ അവയവ മാറ്റത്തിനു വലിയ വിലങ്ങുതടിയായിരിക്കുന്നത്.