തിരുവനന്തപുരം: വീണ്ടുമൊരിക്കല്‍ കൂടി യഥാര്‍ഥ സൈനിക ഓപ്പറേഷന് സിനിമയാകുമ്പോള്‍ നായകനായി മോഹന്‍ലാല്‍ സൈനിക വേഷത്തില്‍ വെള്ളിത്തിരയിലെത്തുന്നു. അതും മേജര്‍ രവിയുമായുള്ള കൂട്ടുകെട്ടില്‍, ജനങ്ങള്‍ പണ്ടൊരിക്കല്‍ നെഞ്ചേറ്റിയ മേജര്‍ മഹാദേവനായി തന്നെയാണ് ഇക്കുറിയും മോഹന്‍ലാലെത്തുന്നത്. ഓപ്പറേഷന് സിന്ദൂര്‍ എന്ന സൈനിക ഓപ്പറേഷന് പഹല്‍ഗാം ഓപ്പറേഷന് സിന്ദൂര്‍ 2025 എന്നാണ് സിനിമയുടെ പേര്. രചനയും സംവിധാനവും നിര്‍വഹിക്കുന്നത് മേജര്‍ രവി. 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന സിനിമയ്ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന സൈനിക സിനിമയാണിത്.
പേരു സൂചിപ്പിക്കുന്നതു പോലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെയും അതേ തുടര്‍ന്നുണ്ടായ ഓപ്പറേഷന് സിന്ദൂറിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. അടുത്ത വര്‍ഷം നിര്‍മാണം ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഇതിന്റെ അണിയറ ശില്പികള്. ഛായാഗ്രഹണം തിരുനാവുക്കരശും സംഗീത സംവിധാനം ഹര്ഷവര്ധന് രാമേശ്വറും സംഘട്ടന സംവിധാനം കെച്ച കെമ്പക്സിയും നിര്‍വഹിക്കുന്നു. നിര്‍മാണം ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍.
നിലവില്‍ ദൃശ്യം 3യുടെ സെറ്റിലാണ് മോഹന്‍ലാലുള്ളത്. ഈ സെറ്റില്‍ വച്ചുതന്നെയാണ് മോഹന്‍ലാല്‍ കഥ കേട്ടതും സമ്മതം കൊടുത്തതെന്നാണ് അറിയുന്നത്. ദൃശ്യം 3നു ശേഷം മോഹന്‍ലാല്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത് ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. അതിനും ശേഷമായിരിക്കും മേജര്‍ രവിയുടെ ചിത്രം ആരംഭിക്കുക.

