തിരുവനന്തപുരം: കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ സൈ ഹണ്ട് എന്ന ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരായ അന്വേഷണത്തില്‍ പിടിയിലായവരില്‍ അതി ‘ബുദ്ധി’മാന്‍മാരായ ചെറുപ്പക്കാരും. പത്തനംതിട്ടയില്‍ നിന്നു പിടിയിലായ ഇരുപത്തിമൂന്നുകാരന്‍ ആരുടെ ഫോണ്‍കോളും ചോര്‍ത്തി നല്‍കുന്നതിലാണ് കഴിവു തെളിയിച്ചത്. കോളുകള്‍ മാത്രമല്ല, ലൊക്കേഷന്‍ വിവരങ്ങളും ഈ ഹാക്കര്‍ ചോര്‍ത്തിയെടുക്കുമത്രേ. അടൂര്‍ കോട്ടമുകള്‍ സ്വദേശി ജോയല്‍ വി ജോസാണ് പിടിയിലായ ഹാക്കര്‍.
തന്റെ കസ്റ്റമര്‍മാര്‍ക്കായി പലരുടെയും കോള്‍ വിവരങ്ങളും ലൊക്കേഷന്‍ വിവരങ്ങളും ഇയാള്‍ സ്ഥിരമായി ചോര്‍ത്തി നല്‍കുന്നുണ്ടായിരുന്നു. ഇതിനു പുറമെ പൊതു സുരക്ഷയെ ബാധിക്കുന്ന മറ്റു വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തിയിട്ടുണ്ടോയെന്നതില്‍ ഇനിയും അന്വേഷണം നടക്കേണ്ടതായാണ് ഇരിക്കുന്നത്. പത്തനംതിട്ട സൈബര്‍ പോലീസിന്റെ പിടിയിലാണ് ഇയാള്‍ കുടുങ്ങിയത്.
കൊച്ചിയില്‍ നിന്നു പിടിയിലായവരില്‍ മൂന്നു പേര്‍ ഇരുപത്തൊന്നു വയസ് വീതം പ്രായമുള്ള വിദ്യാര്‍ഥികളാണ്. ഏലൂര്‍ വടക്കുംഭാഗം സ്വദേശി അഭിഷേക് വിജു, പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ഹാഫിസ് ഇ എസ്, എടത്തല നൊച്ചിമ കോരമ്പത്ത് വീട്ടില്‍ കെ എഫ് അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. ഇതില്‍ രണ്ടു പേര്‍ കോളജിലും ഒരാള്‍ പോളിടെക്‌നിക്കിലും പഠിക്കുന്നതേയുള്ളൂ. പെരുമ്പാവൂര്‍ സ്വദേശിയായ ഓണ്‍ലൈന്‍ തട്ടിപ്പുകാരനായി പലരുടെയും അക്കൗണ്ടുകള്‍ ശേഖരിച്ച് അതിലൂടെ പണം സമാഹരിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഇരകളുടെ പണം അക്കൗണ്ടില്‍ വന്നാലുടന്‍ എടിഎമ്മുകളിലൂടെ പിന്‍വലിച്ച് തട്ടിപ്പു സംഘത്തിന് ഇവര്‍ കൈമാറുകയാണ് ചെയ്തിരുന്നത്. ഇതിനു വലിയൊരു തുക കമ്മീഷനായും ലഭിച്ചിരുന്നു.

