പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളൊരു വാക്കാണ് ”ഒന്നുമില്ല”. ചിലര്‍ ഇതു പറയുമ്പോള്‍ അതിനു മുമ്പ് ”ഏയ്” എന്നൊരു വാക്കു കൂടി ചേര്‍ത്തിരിക്കും. അവരുടെ മുഖം കാണുമ്പോഴേ പറയാന്‍ സാധിക്കും സാന്ദ്രീഭവിച്ച നൊമ്പരങ്ങളാണ് അവരുടെ മനസ്സുകളില്‍ ചേക്കേറിയിരിക്കുന്നതെന്ന്. ദുഖം മനുഷ്യരൂപം സ്വീകരിച്ചാല്‍ എങ്ങനെയിരിക്കുമെന്നറിയണമെങ്കില്‍ ചില മനുഷ്യരെ നോക്കിയാല്‍ മതി. അവരോടു ചോദിച്ചാലും പറയും-ഒന്നുമില്ല. ചിലരുടെ ഈ ഉത്തരം കേള്‍ക്കുമ്പോള്‍ നമുക്കറിയാം ഒരു തവണ കൂടി അവരോട് എന്താണ് പ്രശ്‌നമെന്നു ചോദിച്ചാല്‍ ചുണ്ടുകള്‍ ചേര്‍ത്ത് കടിച്ചു പിടിച്ചുകൊണ്ടാവും പറയുക ഒന്നുമില്ലെന്ന്. അതു കാണുമ്പോള്‍ മൂന്നാമതൊരു തവണ കൂടി ചോദിക്കാനുള്ള ധൈര്യം നമുക്കും നഷ്ടമാകും. അഥവാ ചോദിച്ചുപോയാല്‍ താങ്ങാനാവാത്തൊരു നിലവിളിയാണ് തൊണ്ടയില്‍ നിന്നു പുറത്തേക്കു വരുന്നതെങ്കിലോ. അപ്പോള്‍ തോന്നും കരയാതിരിക്കാനുള്ള അവരുടെ അവസാനത്തെ ശ്രമമായിരുന്നു ‘ഒന്നുമില്ല’ എന്ന ഒറ്റവാക്കിലുള്ള മറുപടിയെന്ന്. എത്ര അനായാസമാണ് വെറുമൊരു വാക്കു കൊണ്ട് സങ്കടത്തിന്റെ ഒരു മഹാസമുദ്രത്തെ മൂടി വയ്ക്കാന്‍ മനുഷ്യനു മാത്രം സാധിക്കുന്നത്. ചില മനുഷ്യരെ കാണുമ്പോള്‍ മൈക്രോവേവ് അവനെയാണ് ഓര്‍മവരുന്നത്. ഓവന്‍ ടോസ്റ്ററിനൊക്കെ പുറമേയും നല്ല ചൂടായിരിക്കും. ചുറ്റുപാടുകളിലേക്കു പോലും ചൂടിനെ ചെറുതായെങ്കിലും തള്ളിക്കൊണ്ടിരിക്കും. മൈക്രോവേവിന് അങ്ങനെയല്ലല്ലോ. നീണ്ട സമയങ്ങളിലേക്ക് ഓണാക്കിയിട്ടാലും അതിനു മുകളില്‍ നമുക്കു കൈ വച്ചുകൊണ്ടിരിക്കാം. അശേഷം ചൂട് അറിയുകയേയില്ല. അതില്‍ വച്ചിരിക്കുന്ന പാത്രമാണെങ്കില്‍ കൈക്കിലയോ കൊടിലോ കൂടാതെ വെറുംകൈകൊണ്ടു തന്നെ പുറത്തെടുക്കുകയും ചെയ്യാം. അപ്പോഴൊക്കെ ഓര്‍ക്കും ചേര്‍ന്നു നിന്നാലോ ഒന്നിച്ചു കിടന്നാലോ പോലും പലരുടെയും ഉള്ളിലെ സങ്കടത്തിന്റെ പൊള്ളല്‍ നമുക്കറിയണമെന്നില്ലെന്ന്. മൈക്രോവേവിനെ പോലെയുള്ള ചില മനുഷ്യര്‍. അതിനുള്ളിലെ പാത്രത്തില്‍ ചൂടാക്കാന്‍ വച്ച ഹല്‍വ ഒരിക്കല്‍ പുറത്തെടുത്തയുടന്‍ അബദ്ധത്തില്‍ വായില്‍ വച്ചുപോയി. പല്ലു പോലും വെന്തുപോകുമെന്ന് മനസ്സിലായത് അപ്പോഴാണ്. അന്നേരവും ആ പാത്രത്തിന്റെ പുറത്ത് ചൂടുണ്ടായിരുന്നില്ല. വെറും കൈകൊണ്ട് എടുക്കാവുന്നത്ര പാകം ചൂടേയുണ്ടായിരുന്നുള്ളൂ. അബദ്ധത്തില്‍ ഹല്‍വ കടിച്ചു പല്ലു പൊള്ളിയതു പോലെ ഒന്നുരണ്ടു സാഹചര്യങ്ങളില്‍ മൈക്രോവേവ് പോലെയുള്ള ചില മനുഷ്യരുടെയുള്ളിലെ ലാവ പുറത്തേക്ക് ഒഴുകുന്നതു കാണാനിടയായിട്ടുണ്ട്. വേണ്ടിയിരുന്നില്ല എന്ന് തൊട്ടടുത്ത നിമിഷത്തില്‍ തന്നെ തോന്നിപ്പോകുകയും ചെയ്തു. നമ്മുടെ ഹൃദയത്തിന് അസ്ഥിയുണ്ടായിരുന്നെങ്കില്‍ അതു കൂടി പൊള്ളിപ്പോകുന്ന കഥകളാണ് അവര്‍ക്കു തോരാത്ത കരച്ചിലിന്റെ അകമ്പടിയോടെ പറയാനുണ്ടായിരുന്നത്. കേട്ടിരിക്കുമ്പോള്‍ ചോരയുറഞ്ഞു പോകുന്നതു പോലെയുള്ള കഥകള്‍. പുറമേക്കു നോക്കിയാല്‍ വിരിച്ചിട്ട പൂക്കളം പോലെ നടന്നു പോയിരുന്ന മനുഷ്യരാണ്. ഒരു പക്ഷേ, ആ ധൈര്യത്തിലായിരിക്കും ഒന്നുമില്ല എന്ന ഉത്തരത്തിനപ്പുറമുള്ള എന്തോ തേടി പുറന്തോട് പൊട്ടിക്കാന്‍ ധൈര്യപ്പെട്ടത്. അതു കൊണ്ട് ആകെക്കൂടിയുണ്ടായ ഫലമെന്താണ്. ചോദിച്ചയാളുടെ ഉറക്കം പലരാത്രികളിലേക്ക് വല്ലാതെ മുറിഞ്ഞു പോകുന്നു. കൈയില്‍ വെളിച്ചമില്ലാതെ രാത്രിയിലെ ഇരുട്ടില്‍ ഇടവഴികളിലൂടെ നടന്നു പോകുമ്പോള്‍ പിന്നാലെ ആരോ വരുന്നുവെന്ന തോന്നലുണ്ടാകുന്നതു പോലെ ഇവരുടെ കണ്ണീര് നമ്മുടെ പിന്നാലെയുണ്ടെന്നുതോന്നിപ്പോകും. ഇവര്‍ക്കാകട്ടെ, നിന്ന നില്‍പില്‍ ഉടുവസ്ത്രം നഷ്ടപ്പെട്ട അവസ്ഥയായിരിക്കും പിന്നീടുണ്ടാകുക. ആരോടും പറയാതെ മനസ്സിന്റെ മേല്‍ത്തട്ടിനു താഴെ അവര്‍ കുഴിച്ചിട്ടിരുന്ന അസ്ഥികൂടങ്ങളൊക്കെയാണ് അറിയാതെയൊരു നിമിഷം പുറത്തേക്കു വാരിയിടേണ്ടി വന്നത്. കുറച്ചു ദിവസം ഇങ്ങനെ കടന്നു കൂടിയാല്‍ രണ്ടു കൂട്ടര്‍ക്കും പിന്നീട് തോന്നുന്നത് വല്ലാത്തൊരു നിസഹായതയായിരിക്കും. പറഞ്ഞിട്ട് എന്തു ഫലമെന്നും കേട്ടിട്ട് എന്തു ഫലമെന്നുമുള്ള നിസഹായത. ഇതൊക്കെയാവും മനുഷ്യാവസ്ഥയെന്ന് അവസാനം സഹതപിക്കാന്‍ മാത്രമേ സാധിക്കുകയുമുള്ളൂ.
ഒന്നുമില്ലാത്ത നൊമ്പരങ്ങള്‍
