ന്യൂഡല്‍ഹി: പണം വച്ചുള്ള ഓണ്‍ലൈന്‍ കളികളെല്ലാം നിരോധിച്ച് കേന്ദ്ര ഗവണ്മെന്റ് സമഗ്ര നിയമം കൊണ്ടുവന്നതോടെ രാജ്യത്ത് ഇത്തരത്തിലുള്ള മുന്‍നിര കമ്പനികളെല്ലാം കട്ടയും പടവും മടക്കി ഒതുങ്ങുന്നു. കേന്ദ്ര ഗവണ്മെന്റാകട്ടെ രണ്ടും കല്പിച്ചാണ് ഇറങ്ങിയിരിക്കുന്നതെന്ന് ഇക്കൂട്ടര്‍ക്കു വ്യക്തമായ സന്ദേശവും നല്കിയിരിക്കുന്നു. ഇരുപതിനായിരം കോടി രൂപയുടെ നികുതി ആണ്ടോടാണ്ട് കിട്ടേണ്ടതു വേണ്ടെന്നു വച്ചാണ് പുതിയ നിര്‍മാണം നടത്തിയിരിക്കുന്നത്. പുതിയ നിയമനിര്‍മാണത്തില്‍ ഏറ്റവും സന്തോഷിക്കാവുന്നത് തമിഴ്നാടിനാണ്. കാരണം രാജ്യത്ത് ഇത്തരത്തില്‍ ആദ്യമായി നിയമനിര്‍മാണം നടത്തുകയും ഇക്കൂട്ടരെ മൂക്കുകയറിടുകയും ചെയ്തത് തമിഴ്നാടായിരുന്നു. അതേ വഴിയില്‍ തന്നെയാണ് ഇപ്പോള്‍ കേന്ദ്രവും വന്നെത്തിയിരിക്കുന്നത്.
ഡ്രീം 11 സര്‍ക്കിള്‍, മൈ11സര്‍ക്കിള്‍, വിന്‍സോ, സുപ്പി, പോകര്‍ബാസി തുടങ്ങിയവയായിരുന്നു ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിങ്ങില്‍ ഏറ്റവും മുന്നില്‍ നിന്നിരുന്നത്. ഇവരുടെയെല്ലാം ഗെയ്മിങ് പ്ലാറ്റ്ഫോമുകള് പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്. ഈ കമ്പനികളുടെ പിന്മാറ്റം ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ചവരില്‍ ഒരു കൂട്ടര് ബിസിസിഐ ആണ്. ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍മാര്‍ ഡ്രീം 11 ആയിരുന്നു. യഥാര്‍ഥത്തില്‍ ക്രിക്കറ്റിന്റെ മറപറ്റിയായിരുന്നു ഈ കമ്പനി അവരുടെ ബിസിനസ് വളര്‍ത്തിയിരുന്നതും. ഇപ്പോള്‍ കമ്പനി പിന്മാറിയതോടെ പുതിയ സ്പോണ്‍സറെ കണ്ടെത്തേണ്ട ബാധ്യത ബിസിസിഐക്കു വന്നുചേര്‍ന്നിരിക്കുകയാണ്.
കേന്ദ്രഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം രണ്ടു പ്രധാന കാരണങ്ങളാണ് ഇപ്പോഴത്തെ നിരോധനത്തിലേക്കു നയിച്ചത്. ഒന്നാമത്തെ കാരണം ഇത്തരം ഗെയിമുകള്‍ പണം നഷ്ടപ്പെട്ട് നൂറുകണക്കിന് ആള്ക്കാര് കടബാധിതരായി ജീവനൊടുക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിലും മാത്രം നൂറോളം പേര് ആത്മഹത്യ ചെയ്തുവെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത കണക്കുകള്‍. രണ്ടാമതായി, വന്‍തോതിലുള്ള കള്ളപ്പണമാണ് ഇതിലൂടെ വെളുപ്പിച്ചുകൊണ്ടിരിക്കുന്നത്. ആര് എവിടെ നിന്നു കളിക്കാനായി മുടക്കി എന്നത് കൃത്യമായി രേഖപ്പെടുത്തപ്പെടാത്തതു കൊണ്ട് കള്ളപ്പണം വെളുപ്പിക്കാനുള്ള ഏറ്റവും എളുപ്പവഴിയായി ഓണ്‍ലൈന്‍ ചൂതാട്ടം മാറുകയായിരു്ന്നു. 28 ശതമാനം ജിഎസ്ടി കൊടുക്കുന്നതോടെ അത്രയും കള്ളപ്പണം വെളുത്തുകിട്ടുന്നതായിരുന്നു ഇക്കൂട്ടര്‍ക്ക് ലാഭം.
കളം പന്തിയല്ല, ഇന്ത്യയില്‍ ഓണ്‍ലൈന്‍ ചൂതാട്ടക്കാര്‍ കട്ടയും പടവും മടക്കുന്നു
