ഒന്നു കൊണ്ടറിയാഞ്ഞാല്‍ ഒമ്പതു കൊണ്ടറിയുമോ, കട്ടുപോയത് പതിനാറു കോടി

തിരുവനന്തപുരം: ഒരിക്കല്‍ ചാടിയ കുഴിയില്‍ വീണ്ടും ചാടില്ലെന്നു പറയാറുണ്ട്. ഒന്നു ചാടിയത് പാഠമായി മാറുന്നതു കൊണ്ടാണിത്. എന്നാല്‍ തിരുവനന്തപുരത്ത് പ്രവാസജീവിതം കഴിഞ്ഞ് വിശ്രമജീവിതത്തിലേക്കു പ്രവേശിച്ച അറുപത്താറുകാരന്‍ ഒരിക്കല്‍ വീണ അതേ കെണിയില്‍ തന്നെയാണ് വീണ്ടും വീണത്. ആദ്യ വീഴ്ചയില്‍ നഷ്ടമായത് മൂന്നു കോടിയില്‍ പരം രൂപയാണെങ്കില്‍ രണ്ടാമത്തെ വീഴ്ചയില്‍ പതിമൂന്നു കോടി പോയിക്കിട്ടി. നഗരത്തിന്റെ പോഷ് ഏരിയയായ കവടിയാറില്‍ ഫ്‌ളാറ്റില്‍ താമസിക്കുന്നതിനിടെ പ്രധാന പരിപാടി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ട്രേഡിങ്ങാണ്.
അംഗീകൃത ഷെയര്‍ ട്രേഡിങ് കമ്പനികളുടെ പേരിലാണിയാളെ കെണിയില്‍ വീഴ്ത്തുന്നത്. സമാന്തരമായി രണ്ടു പ്ലാറ്റ്‌ഫോമുകളില്‍ ഇയാള്‍ ട്രേഡിങ് നടത്തിയിരുന്നു. മൂന്നു മാസം മുമ്പാണ് ഒരു പ്ലാറ്റ്‌ഫോമില്‍ നിന്നു തട്ടിപ്പിനിരയായത്. അന്നു പോയത് 3.75 കോടി രൂപ. അതില്‍ പരാതിയുമായി പോലീസില്‍ എത്തിയെങ്കിലും രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ ട്രേഡിങ്ങിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ആ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് രണ്ടാമത്തെ കെണിയുടെ ലിങ്കുകള്‍ കിട്ടുന്നത്.
അമിതലാഭം നേടിത്തരാമെന്നു പറഞ്ഞു വന്ന ലിങ്കുകള്‍ ഇയാള്‍ വിശ്വസിച്ചു. അതില്‍ ഒന്നില്‍ ക്ലിക്ക് ചെയ്തു പ്രവേശിക്കുകയും ചെയ്തു. വളരെ സാവധാനം തന്ത്രപൂര്‍വം രണ്ട് ഇമെയില്‍ ഐഡികളില്‍ നിന്നായി ഇയാളുടെ വ്യക്തിഗത വിവരങ്ങളെല്ലാം സംഘം കരസ്ഥമാക്കി. നൂറുകണക്കിന് അംഗങ്ങളുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കുകയും ചെയ്തു. ഗ്രൂപ്പില്‍ എല്ലാവരും പങ്കുവച്ചിരുന്നത് കോടികള്‍ വരുമാനം കിട്ടിയതിന്റെ കഥകള്‍ മാത്രം. ആദ്യമാദ്യം നിക്ഷേപിച്ച പണമെല്ലാം ഇരട്ടിയായി തിരികെ അക്കൗണ്ടിലെത്തി. അതോടെയാണ് വന്‍തുകകള്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത്. അപ്പോള്‍ പണിപാളി. ഒന്നും രണ്ടുമല്ല, പതിമൂന്നു കോടി രൂപയാണ് തട്ടിപ്പുകാര്‍ നിര്‍ദേശിച്ച 39 അക്കൗണ്ടുകളിലേക്ക് ഇയാള്‍ ഇട്ടുകൊടുത്തത്. ഇപ്പോള്‍ രണ്ടാമത്തെ കേസിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.